പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രവും നവീകരിച്ച ഓഫീസും ഉദ്ഘാടനം ചെയ്തു
പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ഡയാലിസിസ് കേന്ദ്രം ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കേന്ദ്രത്തോടനുബന്ധിച്ചുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ാഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ആശുപത്രിയുടെ നവീകരിച്ച ഓഫീസ് കെട്ടിടം കാസര്‍കോഡ് എം.പി പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒരേസമയം ആറു പേര്‍ക്ക് ഇവിടെ ഡയാലിസിസ് ചെയ്യാം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡും കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
75 താലൂക്ക് ആശുപത്രികള്‍ക്കായി 610 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതില്‍ നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍, നാല് സ്റ്റാഫ് നേഴ്‌സ്, പീഡയാട്രീഷ്യന്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയ്ക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്.
രാജ്യത്തിനു തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ആരോഗ്യവകുപ്പിന്റേതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. പഴയങ്ങാടി താലൂക്ക് ആശുപത്രി കുറച്ചു കാലം കൊണ്ടു തന്നെ ജില്ലയിലെ മികച്ച ആശുപത്രികളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യം ഉടന്‍ തന്നെ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
പി.കെ ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയായി. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ മന്ത്രിയ്ക്ക് കൈമാറി.
- Log in to post comments