എറണാകുളം വാര്‍ത്തകള്‍
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
എറണാകുളം: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 2020 ഫെബ്രുവരി മാസത്തില്‍ ആലുവ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ആലുവ സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്. എന്നീ സെന്ററുകളില്‍ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അനക്സ് ഹാളില്‍ നവംബര്‍ 10 മുതല്‍ നവംബര്‍ 13 വരെ നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ ഓരോ തീയതിയിലും അനുവദിച്ചിട്ടുള്ള കാറ്റഗറി തിരിച്ചുള്ള രജിസ്റ്റര്‍ നമ്പരുകാര്‍ ഹാള്‍ടിക്കറ്റും, തിരിച്ചറിയല്‍ രേഖയും ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു 0484-2624382 എന്ന ആഫീസ് നമ്പറില്‍ ബന്ധപ്പെട്ട് ഓരോ കാറ്റഗറിക്കും അനുവദിച്ചിട്ടുള്ള തീയതിയും സമയക്രമവും ഉദ്യോഗാര്‍ത്ഥികള്‍ അന്വേഷിക്കേണ്ടതാണ്.
ഫൈബറിങ്ങ് മെഷീന് നല്കി
എറണാകുളം: കുഴുപ്പിള്ളി- വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിപ്പുറം കയര്‍വ്യവസായ സംഘത്തിന് ഫൈബറിങ്ങ് മെഷീന് നല്കി. യന്ത്രം ഉപയോഗിച്ച് സംഘത്തിന് നാട്ടില്‍ നിന്നും പച്ച തൊണ്ട് ശേഖരിച്ച് സംഘത്തിന് ആവശ്യമായ ചകിരി നിര്‍മിക്കാനാകും. യന്ത്രത്തിന്റെ കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി നിര്‍വഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രാധാക്യഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ പി.വി. ലൂയീസ്, എ.എന്‍. ഉണ്ണിക്യഷ്ണന്, വാര്‍ഡ് അംഗം വാസന്തി സജീവന്, കെ.പി. സിന്ധു, കയര്‍ ഇന്‍സ്പെക്ടര്‍മാരായ ആര്. സന്ദീപ്, സൗമി, വൈസ് പ്രസിഡന്റ് ഷബിത സാബു എന്നിവര്‍ പ്രസംഗിച്ചു.
തെങ്ങ് കയറ്റക്കാര്‍ക്ക് പുതുക്കിയ ഇന്‍ഷുറന്‍സ് പരിരക്ഷ
എറണാകുളം: നാളികേര വികസന ബോര്‍ഡിന്റെ പുതുക്കിയ കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തെങ്ങു കയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയിന്‍ കീഴില്‍ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. ഭാഗികമായ അംഗവൈകല്യങ്ങള്‍ക്ക്് രണ്ടര ലക്ഷം രൂപയും അപകടസംബന്ധമായ ചികിത്സ ചിലവുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ബോര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോര്‍ഡിന്റെ തെങ്ങുകയറ്റ പരിശീലനമോ നീര ടെക്നീഷ്യന് പരിശീലനമോ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ആദ്യവര്‍ഷം ഇന്‍ഷുറന്‍സ് തികച്ചും സൗജന്യമാണ്. അവരുടെ ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം തുക ബോര്‍ഡ് തന്നെ വഹിക്കും. ഇന്‍ഷുറന്‍സ് കാലാവധി ഒരു വര്‍ഷമാണ്. കാലാവധിക്ക് ശേഷം ഗുണഭോക്താവിന്റെ വിഹിതമായ 99 രൂപ നല്കി പോളിസി പുതുക്കാവുന്നതാണ്. പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന പതിനെട്ടുവയസ്സിനും അറുപത്തിയഞ്ചു വയസ്സിനും ഇടയിലുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും 99 രൂപ മുടക്കി ഈ പദ്ധതിയില്‍ ഗുണഭോക്താവാകാം. നാളികേര വികസന ബോര്‍ഡിന്റെ പേരില്‍ എറണാകുളത്തു മാറാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകള്‍ ചെയര്മാന്, നാളികേര വികസന ബോര്‍ഡ്, കേരഭവന്, എസ്.ആര്.വി. റോഡ്, കൊച്ചി 682011 എന്ന വിലാസത്തില്‍ അയക്കണം. ഗുണഭോക്താവിന്റെ വിഹിതം ഓണ്‍ലൈനായി അടയ്ക്കുവാനും സൗകര്യമുണ്ട്. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 04842377266 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.
വെബിനാര്‍ സംഘടിപ്പിച്ചു.
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്റാന്‍ജിബിള്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന വെബിനാര്‍ നടന്നു. ഇന്ത്യന്‍ ബോട്ടണിയുടെ മാതാവും, എത്നോ ബോട്ടണിയുടെ ഉപജ്ഞാതാവും ഇന്ത്യയില്‍ ആദ്യമായി ഡോക്ടറല്‍ ഡിഗ്രി കരസ്ഥമാക്കിയ വനിതയുമായ പത്മശ്രീ. ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന വെബിനാറില്‍ കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. എന്‍. കുറുപ്പ്, യു.കെ.യിലെ സസെക്സ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ വേള്‍ഡ് എന്വിറോണ്മെന്റല് ഹിസ്റ്ററി ഡയറക്ടര്‍ ഡോ. വിനിത ദാമോദരന്‍, ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സീനിയര്‍ ക്യൂറേറ്റര്‍ ഡോ. റാണീ പ്രകാശ്, കൊല്‍ക്കത്തയിലെ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഡോ.എ.എ. മാവോ, തിരുവനന്തപുരം ടിബിജിആര്‍ഐ-ലെ ഡോ.എം.നവാസ്, തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് അംഗമായിരുന്ന ഡോ.വി. ബാലകൃഷ്ണന്, വയനാട് എം.എസ്.എസ്. ബൊട്ടാണിക്കല്‍ ഗാര്ഡന്
സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍.പി. അനില്‍കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക അച്ചടി പൂർത്തിയായി
എറണാകുളം: ഡിസംംബർ പത്തിനു നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നാമനിർദ്ദേശ പത്രികകളുടെയും , പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും അച്ചടി പൂർത്തിയായി. വരണാധികാരികൾക്കും ഉപവരണാധികൾക്കുമുള്ള പരിശീലനവും പൂർത്തിയായി. തിരഞ്ഞെടുപ്പു യന്ത്രങ്ങളുടെ പരിശോധന അവസാന ഘട്ടത്തിലാണ്.
കാക്കനാട് ഗവൺമെൻ്റ് പ്രസിൽ അച്ചടി പൂർത്തിയാക്കിയ നാമനിർദ്ദേശ പത്രികകൾ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർക്കു കൈമാറി. നവംബർ 9 മുതൽ ഇത് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകും. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും, മത്സരാർത്ഥികൾക്കുള്ള ലഘുലേഖകളുടെയും അച്ചടിയും പൂർത്തിയായി.
വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. പരിശോധനയുടെ ഭാഗമായുള്ള മോക്ക് പോളിംഗ് നവംബർ 7 ന് ഉച്ചക്ക് രണ്ടിന് കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമിൽ നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിഗ് നടക്കുക.
പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രയിനർമാർക്കുള്ള പരിശീലനം നവംബർ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബ്ലോക്ക്, മുനിസിപ്പൽ തലത്തിലെ പോളിംഗ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്. ജില്ലയിലെ 82 പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 16 മുനിസിപ്പാലിറ്റികളിലേക്കും ഒരു കോർപറേഷനിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തുകല്‍ തൊഴിലാളികള്‍ക്കായി പാതമിത്ര പദ്ധതി ,25 കിയോസ്കുകള്‍ വിതരണം ചെയ്തു.
എറണാകുളം: പട്ടികജാതി വികസന വകുപ്പ് തെരുവോരങ്ങളില്‍ ചെരുപ്പ്, തുകല്‍ പണികള്‍ ചെയ്യുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പാതമിത്ര പദ്ധതിയുടെ ഭാഗമായി അര്‍ഹരായ 25 പേര്‍ക്കുള്ള കിയോസ്കുകള്‍ വിതരണം ചെയ്തു. അലുവ എം.എല്‍.എ അൻവര്‍ സാദത്ത് ആണ് കിയോസ്കുകളുടെ വിതരണം നിര്‍വ്വഹിച്ചത്. ചെരിപ്പു നിർമ്മാണം, തുകല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആളുകള്‍ക്ക് വേനലിലും മഴക്കാലത്തും സുഗമമായി ജോലി ചെയ്യാനും സാധന സാമഗ്രികള്‍ സൂക്ഷിക്കാനുമുള്ള സൗകര്യമൊരുക്കുക എന്നതാണ് പ്രത്യേക കേന്ദ്ര സഹായ പാതമിത്ര പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങില്‍ ജില്ല പട്ടികജാതി വികസന ഓഫീസര്‍ എം.എസ് സുനില്‍ , വാഴക്കുളം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ സിന്ധു, കേരള ചക്ലിയ മഹാസഭ പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ളിസ് സിറ്റി: ഭൂമി കൈമാറി. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി കെ.എം.ആർ.എൽ വിഭാവനം ചെയ്യുന്ന ബ്ളിസ് സിറ്റി പദ്ധതിക്കായുള്ള ഭൂമിയുടെ പട്ടയം ജില്ലാ കലക്ടർ എസ്. സുഹാസ് കെ.എം.ആർ.എൽ എം.ഡി. അൽകേഷ് കുമാർ ശർമ്മക്ക് കൈമാറി. വാഴക്കാല വില്ലേജിൽ ഉൾപ്പെടുന്ന കാക്കനാടുള്ള 17.43 ഏക്കർ ഭൂമിയാണ് കെ.എം.ആർ.എല്ലിന് കൈമാറിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമിയാണിത്. കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായി വിഭാവനം ചെയ്തിട്ടുള്ള ബ്ളിസ് സിറ്റിയിൽ വിനോദ വ്യവസായങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയാണ് ഉണ്ടാവുക. പദ്ധതിയുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.
സഹകരണ കൺസ്യൂമർ സ്റ്റോർ ഉദ്ഘാടനം ചെയ്തു.
കോതമംഗലം:കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജന വിഭാഗങ്ങൾക്ക് സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി പൊതു വിപണിയിലെ വില നിലവാരം പിടിച്ചു നിർത്തുന്നതിനും,ജനങ്ങൾക്കും സഹകാരികൾക്കും ആശ്വാസം നൽകുന്നതിന് വേണ്ടി ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ്ഡാഫീസ് മന്ദിരത്തിൽ ആരംഭിച്ച സഹകരണ സ്റ്റോറിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് എം സ് പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ തോമാച്ചൻ ചാക്കോച്ചൻ,ജോയി പോൾ,പീറ്റർ മാത്യു,തോമസ് പോൾ,സജീവ് ഗോപാലൻ,ഗ്രേസി ജോൺ,സീന സജി,സെക്രട്ടറി കെ കെ ബിനോയി, സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ പ്രവീൺ പി ആർ,പഞ്ചായത്ത് അംഗം ജോഷി കുര്യാക്കോസ്,കെ ഇ ജോയി, ഷിബു പടപ്പറമ്പത്ത്,പി റ്റി ബെന്നി,കെ കെ ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.
ടെണ്ടർ ക്ഷണിച്ചു
എറണാകുളം : സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് 2020-21 സാമ്പത്തിക വർഷത്തിലേക്ക് വാഹനം വാടകക്ക് എടുക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16 വൈകീട്ട് 3ന്. ടെണ്ടർ ഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7907786767.
- Log in to post comments