മന്ത്രിസഭാ വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം: കണ്ണൂരില്‍ വിപുലമായ എക്‌സിബിഷന്‍
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരില്‍ മെയ് 16 മുതല്‍ ഒരാഴ്ചക്കാലത്തെ വിപുലമായ എക്‌സിബിഷന്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മെയ് 18നാണ് മന്ത്രിസഭാ വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം.
മുഖ്യമന്ത്രി പിണറായി വിജയനാണ് സംഘാടക സമിതി മുഖ്യരക്ഷാധികാരി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചെയര്‍പേഴ്‌സനും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കോ ചെയര്‍മാനുമാണ്. ജില്ലയിലെ മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഐ ആന്‍ഡ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പൊലീസ് മേധാവി, കിയാല്‍ എം.ഡി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായിരിക്കും. ജില്ലാ കലക്ടറാണ് ജനറല്‍ കണ്‍വീനര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കോ ഓര്‍ഡിനേറ്ററും വിവിധ അക്കാദമികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെ ചെയര്‍മാന്‍മാര്‍, മെംബര്‍മാര്‍, പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ കണ്‍വീനര്‍മാരാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സര്‍വീസ് സംഘടനാ പ്രതിനിധികളും വകുപ്പു മേധാവികളും അടങ്ങിയതാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി.
സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുംവിധം വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെഡിക്കല്‍ എക്‌സിബിഷന്‍, അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളുടെ സൗജന്യ ആരോഗ്യ പരിശോധന, ഹോമിയോ വന്ധ്യതാ ചികിത്സാ സ്‌പെഷല്‍ ക്യാമ്പ്, ദന്തപരിശോധന, കാര്‍ഷിക പ്രദര്‍ശനം, കുടുംബശ്രീ, കൈത്തറി വിപണന മേള, മാലിന്യ സംസ്‌കരണ മാതൃകകളുടെ പ്രദര്‍ശനം, പുരാവസ്തു-പുരാരേഖ പ്രദര്‍ശനം, അക്ഷയ ട്രൈഡി സ്റ്റാള്‍, സ്‌കൂള്‍ ബസാര്‍, ഫുഡ് കോര്‍ട്ട്, ചക്ക മഹോത്സവം തുടങ്ങിയവ എക്‌സിബിഷനിലുണ്ടാവും. എല്ലാ ദിവസവും കലാ സാംസ്‌കാരിക പരിപാടികളുണ്ടാവും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുണ്ടാവും.
യോഗത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ടി.വി. രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, അസി. കലക്ടര്‍ ആസിഫ് കെ. യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റിയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, അസി. എഡിറ്റര്‍ സി.പി. അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments