തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഫയലുകളിൽ തീരുമാനമെടുക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവായി
സർക്കാർ ഫയലുകൾ തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പരിധിയിൽ വരുന്നതാണോ എന്നതിൽ തീരുമാനമെടുക്കുന്നതിൽ വ്യക്തത വരുത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ ഫയലുകളും നേരിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയക്കുന്നത് ഒഴിവാക്കാനാണ് നടപടി. ഫയലുകൾ പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ വരുന്നതാണോയെന്ന് സെക്രട്ടറി തലത്തിൽ പരിശോധിച്ച് തീരുമാനമെടുക്കണം. വ്യക്തത ആവശ്യമുള്ളതും നിലവിലെ ചട്ടങ്ങളിൽ പ്രതിപാദിക്കാത്തതുമായ വിഷയങ്ങളടങ്ങിയ ഫയലുകൾ മാത്രം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്കായി അയയ്ക്കും. ഇത്തരത്തിൽ അയയ്ക്കുന്ന ഫയലുകളെ സംബന്ധിച്ച സംക്ഷിപ്ത രൂപം, എങ്ങനെയാണ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാകുക, എന്തിനാണ് ഇളവ് ആവശ്യം എന്നിവ കൃത്യമായി സെക്രട്ടറിമാർ രേഖപ്പെടുത്തിയിരിക്കണം.
വകുപ്പിന്റെ കീഴിൽ വരുന്ന ഓഫീസ് മേധാവികൾക്കും പൊതുമേഖല സ്ഥാപന മേധാവികൾക്കും ഇതു സംബന്ധിച്ച നിർദ്ദേശം സെക്രട്ടറിമാർ നൽകണം. ഇത്തരത്തിലുള്ള ഫയലുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പെരുമാറ്റച്ചട്ട മാർഗനിർദ്ദേശങ്ങൾ പരിശോധിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ വയ്ക്കണമോയെന്ന് സെക്രട്ടറിമാർക്ക് തീരുമാനിക്കാം. സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ വയ്ക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരുപേജിൽ കവിയാത്ത, എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കുറിപ്പ് gadcdn@gmail.com ലേക്ക് മുൻകൂറായി അയയ്ക്കണം. നിർദ്ദേശങ്ങൾ പാലിക്കാതെ ഫയലുകൾ നേരിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും കമ്മീഷന് റിപ്പോർട്ട് ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ മാർഗരേഖ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ( http://sec.kerala.gov.in ) ലഭിക്കും.
പി.എൻ.എക്‌സ്. 3971/2020
- Log in to post comments