ജില്ലയില്‍ മികച്ച പ്രതികരണവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ മേല്‍വിലാസം
മലപ്പുറം ഭക്ഷ്യ സുരക്ഷാ വകുപ്പ് കേരളപിറവി ദിനത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ മേല്‍വിലാസം പദ്ധതിക്ക് ജില്ലയില്‍ മികച്ച പ്രതികരണം. 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമമമനുസരിച്ച് പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ലേബലില്‍ നല്‍കേണ്ട വിവരങ്ങള്‍ ബോധവല്‍ക്കരണ പരിപാടികളിലൂടെ കൃത്യമാക്കി ചേര്‍ത്ത്, പൊതുജനങ്ങള്‍ക്ക് സുരക്ഷിതാഹാരം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ 2021 ജനുവരി ഒന്നോടെ ജില്ലയെ സീറോ മിസ്ബ്രാന്‍ഡഡ് ജില്ല ആക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതിക്ക് വ്യാപാരികളുടെയും, ഭക്ഷ്യ നിര്‍മ്മാതാക്കളുടെയും പൂര്‍ണ്ണ സഹകരണം ലഭിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 16 ഭക്ഷ്യ സുരക്ഷാ സര്‍ക്കിളുകളിലും ഭക്ഷ്യ നിര്‍മ്മാതാക്കളുടെയും, റീട്ടെയില്‍ വ്യാപാരികളുടെയും വാട്‌സ്അപ്പ് കൂട്ടായ്മകള്‍ രൂപീകരിച്ച്, ലേബല്‍ കൃത്യമല്ലാതെ പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. രണ്ടാം ഘട്ടത്തില്‍ കൂട്ടായ്മകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ലേബല്‍ കൃത്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്നവരെ ബന്ധപ്പെട്ട് അവ പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളുടെ ലേബല്‍ കൃത്യമല്ലെങ്കില്‍ ഇവ നിര്‍മ്മിക്കുന്നവര്‍ക്കെതിരെയും, കച്ചവടം ചെയ്യുന്നവര്‍ക്കെതിരെയും മൂന്ന് ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. അതിനാല്‍ ചെറുകിട, കുടില്‍ വ്യവസായം ചെയ്യുന്നവര്‍ പിഴ അടക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഇക്കാരണത്താലാണ് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ പരിപാടികളിലൂടെ നിയമലംഘനങ്ങള്‍ കുറക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നിട്ടിറങ്ങിയത്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യ വസ്തുവിന്റെ പേര്, ഘടകങ്ങളുടെ പേര് (അവരോഹണ ക്രമത്തില്‍), പോഷകാംശങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, ഫുഡ് അഡിറ്റീവ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരം, നിര്‍മ്മാതാവിന്റെ പേരും പൂര്‍ണ്ണ മേല്‍വിലാസവും, വെജിറ്റേറിയന്‍/നോണ്‍ വെജിറ്റേറിയന്‍ എംബ്ലം, അളവ്/തൂക്കം, നിര്‍മ്മിച്ച തിയ്യതി (Use by Date/Best Before Date/Expiry date), ബാച്ച് നമ്പര്‍/കോഡ് നമ്പര്‍, ഉത്പാദിപ്പിച്ച രാജ്യത്തിന്റെ (ഇറക്കുമതി ചെയ്തതാണെങ്കില്‍) പേരും, മേല്‍വിലാസവും, ഉപയോഗിക്കേണ്ട രീതി, FSSAI ലോഗോ, 14 അക്ക ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നി വിവരങ്ങള്‍ ലേബലില്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം.
- Log in to post comments