നാമനിര്‍ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു, അവസാന തീയതി നവംബര്‍ 19
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. നവംബര്‍ 19 വരെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വരണാധികാരിക്കോ സഹവരണാധികാരിക്കോ മുൻപാകെ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 20 ന് പത്രികകളുടെ സൂക്ഷമ പരിശോധന റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ ഓഫീസില്‍ വെച്ച് നടത്തും. നവംബര്‍ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
സംസ്ഥാനത്ത് മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 10 ന് നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ല പഞ്ചായത്തിലേക്കും കൊച്ചി കോര്‍പ്പറേഷനിലേക്കും 13 മുൻസിപ്പാലിറ്റികളിലേക്കും 82 പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് ജില്ലയില്‍ നടക്കുന്നത്.രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെ വോട്ട് ചെയ്യാൻ സാധിക്കും.
ഡിസംബര്‍ 16 ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഡിസംബര്‍ 23 ന് മുമ്പായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നല്‍കിയിരിക്കുന്ന നിര്‍ദേശം. ജനുവരി 14 ന് മുമ്പായി തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
- Log in to post comments