തദ്ദേശ തെരഞ്ഞെടുപ്പ്- 19 വരെ പത്രിക നല്‍കാം
തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലേക്ക് നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 20 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. ഡിസംബര്‍ 14 ആണ് കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ്. ഡിസംബര്‍ 23 ആണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി.
തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെവേണം പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 12 മുതല്‍ 19 വരെ അവധി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 11 നും ഉച്ചയ്ക്ക്ശേഷം മൂന്നിനും ഇടക്കുളള സമയത്ത് പത്രിക സമര്‍പ്പിക്കാം. ഒരു തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടറായിരിക്കുകയും പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. സംവരണ വാര്‍ഡില്‍ മത്സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസറില്‍ നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. സ്ഥാനാര്‍ത്ഥികള്‍ ഒരു തദ്ദേശ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ പാടില്ല. ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും ജില്ലാ പഞ്ചായത്തിനും കോര്‍പ്പറേഷനും 3000 രൂപയുമാണ് അടക്കേണ്ടത്. പട്ടികജാതി പട്ടികവിഭാത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയ രസീതോ ക്യാഷോ ഡെപ്പോസിറ്റായി നല്‍കാം.
- Log in to post comments