സീനിയോരിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ 1999 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം പുതുക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി 2020 നവംബര്‍ ഒന്‍പത് മുതല്‍ 2021 ഫെബ്രുവരി 28 വരെയുളള ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും സ്വകാര്യ മേഖലയില്‍ നിന്നുളള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് സീനിയോരിറ്റി നഷ്ടപ്പെടുത്തിക്കൊണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും അസുഖം മൂലവും ഉപരി പഠനാര്‍ത്ഥവും ജോലിയില്‍നിന്നും വിടുതല്‍ ചെയ്തതോ രാജി വെച്ചതോ ആയവര്‍ക്കും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നുമുളള നോണ്‍-ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാ നടപടിയുടെ ഭാഗമായോ മന:പ്പൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോരിറ്റി പുന:സ്ഥാപിച്ച് കിട്ടുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കില്ല. 2020 ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ മുഖാന്തിരമാണ് പുതുക്കേണ്ടത്. www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം. 2021 ജനുവരി ഒന്ന് മുതല്‍ ഓഫീസില്‍ നേരിട്ട് ഹാജരായി പ്രത്യേക പുതുക്കല്‍ നടത്താം.
- Log in to post comments