പ്രേരക്മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു
കോഴിക്കോട് ഡയറ്റും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ജില്ലയിലെ പ്രേരക്മാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന എം-ലേര്‍ണിങ് ഉള്‍പ്പെടെയുള്ള ഐ.സി.ടി. സമഗ്ര പരിശീലനം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. നിമ്പിള്‍ ഇ പാഠശാല 3 എന്ന കോഴിക്കോട് ഡയറ്റിന്റെ പരിശീലന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം നല്‍കുന്നത്.
സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിതാക്കള്‍ക്ക് ഫലപ്രദമായി പഠന പിന്തുണ നല്‍കാന്‍ പ്രേരക്മാര്‍ക്ക് സാധിക്കുന്ന വിധത്തിലുള്ള നാല് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഗൂഗിളില്‍ നിന്നും ആവശ്യമായ ചിത്രങ്ങള്‍. പഠന വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, വീഡിയോ എഡിറ്റിംഗ്, ചിത്രങ്ങള്‍ എഡിറ്റ് ചെയ്യല്‍, വര്‍ക്ക് ഷീറ്റ് നിര്‍മ്മാണം. നവ മാധ്യമങ്ങളിലേക്ക് പഠിതാക്കള്‍ക്ക് വേണ്ട പഠന പ്രവര്‍ത്തനങ്ങള്‍ അപ്ലോഡ് ചെയ്യല്‍, നവ മാധ്യമങ്ങളുപയോഗിച്ച് ഡിജിറ്റല്‍ പഠന എഡിറ്റിംഗ്, എം-ലേര്‍ണിംഗ്,പ്രേരക്മാരുടെ ഔദ്യോഗിക സോഫ്റ്റ്വെയര്‍ പരിശീലനം എന്നിങ്ങനെ പ്രേരക്മാര്‍ക്കാവശ്യമായ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലനത്തിന് ഡയറ്റ് കോഴിക്കോട് ഇ.ടി. ഫാക്കല്‍റ്റിയും, ഡി.ആര്‍.യു. ഫാക്കല്‍റ്റിയും നേതൃത്വം നല്‍കുന്നു. കൂടത്തായി ഹൈസ്‌കൂള്‍ അധ്യാപകരായ സജിന്‍ മാത്യു, ഷിതിന്‍ വര്‍ഗ്ഗീസ്, മനു തോമസ് എന്നിവരാണ് റിസോഴ്സ് പേഴ്സണ്‍മാര്‍.
ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി.മിനി മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.കെ.അബ്ദുല്‍ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ ബി.മധു, കെ.എസ്.വാസുദേവന്‍, കെ.പി.പുഷ്പ, സബിത ശേഖര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അശോകന്‍ നൊച്ചാട് സ്വാഗതവും സോഫിയ നന്ദിയും പറഞ്ഞു.
- Log in to post comments