പരിസിഥിതി സൗഹൃദമാക്കാം ഈ തിരഞ്ഞെടുപ്പ്
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗരേഖയില്‍ കര്‍ശ്ശനമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടണ്‍ തുണി , പേപ്പര്‍ പോളി എത്തിലീന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൗദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പ്ലാസ്റ്റിക് നൂല്‍, പ്ലാസ്റ്റിക് റിബണ്‍, പി വി സി , പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍ , കൊടിതോരണങ്ങള്‍ ഇവയൊന്നും ഉപയോഗിക്കാന്‍ പാടില്ല. ഏതുതരം വസ്തുവില്‍ ഏത് സ്ഥാപനത്തില്‍ നിന്നും തയ്യാറാക്കിയത് എന്ന് കൃത്യമായി ബാനറുകളിലും മറ്റ് പ്രചരണ ഉപാധികളിലും രേഖപ്പെടുത്തിയിരിക്കണം. നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കാനും പതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ സ്ഥാനാര്‍ത്ഥി / രാഷ്ട്രീയ പാര്‍ട്ടി/ സ്ഥാപനങ്ങളില്‍ നിന്ന് ഫൈന്‍ ഈടാക്കുന്നതിനും നിയമം അനുശാസിക്കുന്നു. കൂടാതെ വോട്ടെടുപ്പിന് ശേഷം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളും മറ്റും നീക്കം ചെയ്ത് സംസ്‌ക്കരിക്കുകയോ പുന: ചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട് ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യേണ്ടതാണന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നു.
ഈ സാഹചര്യത്തില്‍, എല്ലാ രാഷ്രീയ പാര്‍ട്ടികളും നിയമം അനുസരിക്കുക എന്നതിലുപരി പൊതുജനങ്ങളോടും വരും തലമുറയോടും തങ്ങള്‍ക്കുള്ള കര്‍ത്തവ്യപാലനത്തിന്റെ ഭാഗമായി ഹരിത ചട്ട പാലനത്തെ കണക്കാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ ജനങ്ങളുടെ ഭരണ സംവിധാനത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയ എന്ന് നിലക്ക് തിരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും എല്ലാ തരത്തിലും പൊതുജന നന്‍മക്കാവണം . ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പാലിച്ച്, മണ്ണിനും മനുഷ്യനും ദോഷകരമായ ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല എന്ന പ്രത്യയ ശാസ്ത്രത്തിന്റെ ആദ്യ പടിയാവണം തിരഞ്ഞെടുപ്പിലെ ഹരിത ചട്ടപാലനം. ആയതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും സംഘടനകളും സര്‍വ്വാത്മനാ ഹരിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അഭ്യര്‍ത്ഥിച്ചു. മാസ്‌ക്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് കോവിഡ് - 19 മുന്‍കരുതലുകള്‍ എടുത്ത് വേണം എല്ലാവരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടതെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മാരക രോഗങ്ങള്‍ക്കിടയാക്കുന്ന പ്ലാസ്റ്റിക്/ ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗവും അലക്ഷ്യമായ വലിച്ചെറിയലും ഒഴിവാക്കേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിംങ്ങ് ബൂത്തിലും പരിസരങ്ങളിലും ഉപയോഗശേഷമുള്ള മാസ്‌ക്ക്, ഗ്ലൗസ് മുതലയാവ അലക്ഷ്യമായി വലിച്ചെറിയാതെ അവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എല്ലാവരുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ നമുക്ക് ഹരിത തിരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കാം.
- Log in to post comments