Skip to main content

ആദ്യപാദം ഇടുക്കി ജില്ലയില്‍ ബാങ്കുകള്‍ വിതരണം ചെയ്തത്

1236.55 കോടി രൂപ ഇടുക്കി ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍  ബാങ്കുകള്‍ വിതരണം ചെയ്തത് 1236.55 കോടി രൂപ .ഇതില്‍ 1000.68 കോടി രൂപ  മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത് . കാര്‍ഷിക മേഖലയില്‍ 646.10 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 184.30 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലയ്ക്ക് 170.28 കോടി രൂപയും വിതരണം ചെയ്തു . ജൂണ്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 8920.41 കോടി രൂപയും മൊത്തം വായ്പ 11143.39 കോടി രൂപയും ആണ് . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 124.92% എന്നത്  വയനാട് കഴിഞ്ഞാല്‍ സംസ്ഥാനത്തു ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്.  ഓണ്‍ലൈനായി നടന്ന ജൂണ്‍ പാദം ജില്ലാതല ബാങ്കിങ് അവലോകന സമിതി ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കോവിഡുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ വായ്പ പദ്ധതിയില്‍ 176.99 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട് . കുടുംബശ്രീ സഹായഹസ്തം വായ്പ പദ്ധതിയില്‍ ജില്ലയില്‍ 67 കോടി രൂപ വിതരണം ചെയ്തു . കൂടാതെ ജില്ലയിലെ രണ്ടു നഗരസഭകളിലായി വഴിയോരക്കച്ചവടക്കാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ സ്വാനിധി പദ്ധതിയില്‍ 198 അപേക്ഷ വന്നതില്‍ 148 എണ്ണം അനുവദിക്കുകയും 125 പേര്‍ക്ക് 10,000 രൂപ വീതം നല്‍കുകയും ചെയ്തിട്ടുണ്ട് . ബാക്കിയുള്ള അപേക്ഷകളില്‍  ഈ മാസം അവസാനത്തിനുള്ളില്‍ തീരുമാനം എടുക്കുവാന്‍  ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

ജില്ലയിലെ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്താന്‍ 8 ബ്ലോക്കുകളിലായി 38 സ്ഥലങ്ങളില്‍  പുതിയ ശാഖകള്‍ തുടങ്ങാന്‍ ലീഡ് ബാങ്ക്, ജില്ലയിലെ ബാങ്കുകളുടെ   മുന്‍പാകെ നിര്‍ദ്ദേശം വെച്ചു. ജനുവരി 31 നു മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി .  
കോവിഡ് മഹാമാരിയുടെ കാലത്തും തടസ്സമില്ലാതെ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ വെച്ച ബാങ്ക് ജീവനക്കാരെ അഭിനന്ദിക്കുകയും തുടര്‍ന്നും വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ ത്വരിതഗതിയില്‍ സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ ബാങ്കുകള്‍ ശ്രദ്ധിയ്ക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇടുക്കി അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ്  ആന്റണി സ്‌കറിയ അഭിപ്രായപ്പെട്ടു .

യൂണിയന്‍ ബാങ്കിന്റെ കോട്ടയം മേഖല മേധാവിയായ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജയദേവ് നായര്‍  ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ സംഘവും ആരോഗ്യവകുപ്പും പോലീസ് വകുപ്പും നടത്തിയ കോവിഡ് പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചു .

കോവിഡ്  മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ആര്‍ ബി ഐ നടത്തിയ നടപടികളെ കുറിച്ച് ഇടുക്കി ജില്ലയുടെ ആര്‍ ബി ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ വിശാഖ് വിശദീകരിച്ചു .

ഇടുക്കി ജില്ലയിലെ  കാര്‍ഷിക രംഗത്തിന്റെ അഭിവൃദ്ധിയ്ക്കായി കൂടുതല്‍ ഫാര്‍മേര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്പിഓ) രൂപീകരിക്കണമെന്നും കൂടാതെ നബാര്‍ഡ് മുഖാന്തിരം നടപ്പാക്കുന്ന അഗ്രിക്കള്‍ച്ചര്‍  മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍  ഫണ്ട്  ഉപയോഗപ്പെടുത്തി കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കണമെന്നും നബാര്‍ഡ് ഡി ഡി എം അശോക് കുമാര്‍ നായര്‍ നിര്‍ദ്ദേശിച്ചു .
ബാങ്കിലെ തിരക്കൊഴിവാക്കുവാന്‍ ബിസിനസ് കറസ്‌പോണ്ടന്റു (ബിസി) മാരുടെ സേവനം കൂടുതലായി ഉപയോഗിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍ നിര്‍ദ്ദേശിച്ചു
യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, ബാങ്ക് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു. ലീഡ് ബാങ്ക്മാനേജര്‍ രാജഗോപാലന്‍ സ്വാഗതവും സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവായ ബാബു ഗണേഷ് കൃതജ്ഞതയും  പറഞ്ഞു.

date