തിരഞ്ഞെടുപ്പ് പ്രചാരണം: രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രണ്ട് സമുദായങ്ങള്‍ തമ്മിലോ, ജാതികള്‍ തമ്മിലോ, ഭാഷാ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ചു മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.
ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ടു പിടിക്കുന്നത് കുറ്റകരമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്രവാഹനംഉള്‍പ്പെടെ എത്ര വാഹനങ്ങളും കോവിഡ് - 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം. ഇത് തെരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരും. പക്ഷെ വരണാധികാരിയുടെ അനുമതി വാങ്ങുകയും, വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ഉണ്ടാകണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും (സര്‍ക്കാര്‍ - എയ്ഡഡ് - അണ്‍ എയ്ഡഡ്) രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കാനോ പ്രവര്‍ത്തനങ്ങള്‍ക്കായോ ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികള്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി സ്ഥാപിക്കുന്നതില്‍ വിലക്കില്ല. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാ മൂലമുള്ള അനുമതി പത്രം വാങ്ങണം. ഇത് വരണാധികാരിയുടേയൊ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം.
- Log in to post comments