Skip to main content

കേരളത്തിലെ സഹകരണമേഖല രാജ്യത്തിന് അഭിമാനം- മുഖ്യമന്ത്രി

* അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
കേരളത്തിലെ സഹകരണ മേഖലയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഏതു പദ്ധതിയും ഏറ്റെടുക്കാൻ സന്നദ്ധമാകുന്നുവെന്നത് സഹകരണമേഖലയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
67 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് പ്രതിരോധത്തിൽ സഹകരണമേഖല വലിയ പങ്ക് വഹിക്കുന്നുണ്ട്. സഹകരണമേഖലയുടെ കരുത്ത് ഈ കോവിഡ് കാലത്തും വലിയതോതിൽ കേരള സമൂഹത്തിന് അനുഭവിക്കാൻ കഴിഞ്ഞു. ഓരോ പ്രദേശത്തും സഹകരണമേഖലയും സഹകാരികളും അവിടുത്തെ ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്നതിനാലാണിത്. പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സഹകാരികളും സഹകരണമേഖലയും കാണിച്ച ഉത്‌സാഹവും എടുത്തുപറയേണ്ടതാണ്.
സഹകരണ മേഖലയുടെ മനുഷ്യസ്‌നേഹപരമായ ഇടപെടലിന്റെ ഉദാഹരണമാണ് പ്രളയത്തെത്തുടർന്നുള്ള ഇടപെടലുകൾ.
വായ്പകൾ നൽകുന്ന കാര്യത്തിലും സാമൂഹ്യപ്രതിബദ്ധതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളത്തിലെ സഹകരണമേഖല. യഥാർഥ കാർഷികവായ്പയുടെ വലിയ പങ്ക് സഹകരണമേഖലയിൽനിന്നാണ്. സഹകരണമേഖലയുടെ നിക്ഷേപം അതതു പ്രാദേശികമേഖലയുടെ വികസനത്തിനുവേണ്ടിയാണ് വലിയതോതിൽ ഉപയോഗിക്കപ്പെടുന്നതെന്നതും പ്രത്യേകതയാണ്.
സഹകരണമേഖലയുടെ എറ്റവും വലിയ പ്രത്യേകതയായ ജനകീയമുഖമാണ് സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാരോടും പ്രകടമാകേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ലോകത്തുതന്നെ ജനങ്ങൾ അവരുടെ വരുമാനത്തിന്റെ പ്രധാനമേഖലയായി സഹകരണമേഖലയെ കണ്ടിട്ടുണ്ട്. രാജ്യത്തെ സഹകരണമേഖലയുടെ ചരിത്രമെടുത്താൽ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരും സഹകരണപ്രസ്ഥാനത്തെ വളർത്തിയെടുക്കാൻ വലിയ ഇടപെടൽ നടത്തിയിട്ടുണ്ട്. താരതമ്യേന അഴിമതി കുറഞ്ഞ മേഖലയാണ് സഹകരണമേഖല. ഇതിനുപ്രധാനകാരണം ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരും രൂപം കൊടുത്ത സ്ഥാപനങ്ങളെന്ന നിലയിൽ അത്തരമൊരു പൈതൃകത്തോടെ മേഖല വളർന്നതാണ്. നാടിന്റെ നൻമയ്ക്കായി നിലകൊണ്ടത് കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനയും നൽകി. ഇനിയും ഉയരങ്ങളിലേക്ക് പോകാൻ കേരളത്തിന്റെ സഹകരണമേഖലയ്ക്ക് ശേഷിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി.എൻ.എക്സ്.4018/2020

 

date