Skip to main content

ദേശീയപാത സ്ഥലമെടുപ്പ്: പഞ്ചായത്ത് തലത്തില്‍ ഭൂവുടമകളുടെ യോഗം വിളിക്കുന്നു

 ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക നീക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഭൂവുടമകളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്ന ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് യോഗത്തില്‍ ജില്ലാകലക്ടര്‍ അമിത് മീണ് ഉറപ്പുനല്‍കി. ജനങ്ങളുടെ എല്ലാ ആശങ്കകളും തീര്‍ക്കും. ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെയും വസ്തുവകകളുടെയും നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞ് നവംബര്‍ അവസാനത്തോടെ മാത്രമേ പ്രവൃത്തികള്‍ ആരംഭിക്കുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു.
പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, കാലടി, തവനൂര്‍ പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം ഇന്നും നാളെയും മറ്റന്നാളുമായി വിളിച്ചുചേര്‍ക്കും. വെളിയങ്കോട് പൊന്നാനി പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം ഇന്ന് (ബുധന്‍) രണ്ട് മണിക്ക് പാലപ്പെട്ടി ഗവ. ഹൈസ്‌കൂളില്‍ നടക്കും. പൊന്നാനി നഗരസഭയിലെ ഭൂവുടമകളുടെ യോഗം നാളെ (വ്യാഴം) 2.30 ന് പൊന്നാനി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വെള്ളിയാഴ്ച മൂന്ന് മണിക്ക് തവനൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ്  കാലടി, തവനൂര്‍ പഞ്ചായത്തുകളുടെ യോഗം.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് ജനപ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു വീടിന് നാല്പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കാവുന്ന വിധത്തിലാണ് പുനരധിവാസ പാക്കേജ്. ഇതില്‍ വീടുകളുടെ കാലപ്പഴക്കം പരിഗണിക്കില്ല. ഗ്രാമപ്രദേശങ്ങളില്‍ ഭൂമിവിലയുടെ 2.4 മടങ്ങും നഗരങ്ങളില്‍ രണ്ട് മടങ്ങും നഷ്ടപരിഹാരം ലഭിക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുന്തിയ അഞ്ച് ആധാരവിലയുടെ ശരാശരിയാണ് ഭൂമി വിലയായി കണക്കാക്കുക. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയില്‍ നിന്ന് വരുമാന നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ നേരത്തേ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നുവെന്നും കൂടുതല്‍ വ്യക്തത വരുത്തി വിശദമായ പത്രക്കുറിപ്പ് ഒരിക്കല്‍ കൂടി നല്‍കി ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കുമെന്നും കലക്ടര്‍ അറിയിച്ചു. ദേശീയപാതയുടെ അലൈന്‍മെന്റ് നേരത്തേ ജനപ്രതിനിധികളെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കലക്ടര്‍ പറഞ്ഞു.
പൊന്നാനി നഗരസഭാ ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, പെരുമ്പടപ്പ്, വെളിയങ്കോട്, കാലടി, തവനൂര്‍ പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാര്‍, ഡപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍കുമാര്‍, ജി. നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date