Skip to main content

ഞാറയ്ക്കല്‍ ഫിഷ് ഫാമില്‍ വാട്ടര്‍ സൈക്കിളിങും    കയാക്കിങും

 

കൊച്ചി: മത്സ്യഫെഡിന്റെ ഞാറയ്ക്കല്‍ ഫിഷ് ഫാമിലെ ജല വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇനിമുതല്‍ വാട്ടര്‍ സൈക്കിളും. വിദേശ ടൂറിസം മേഖലയില്‍ ജനപ്രിയമായ വാട്ടര്‍ സൈക്കിള്‍ സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജല വിനോദ സഞ്ചാര കേന്ദ്രത്തില്‍ അവതരിപ്പിക്കുന്നത്. വാട്ടര്‍ സൈക്കിളിംഗ് കൂടാതെ കയാക്കിങും ഈ വിഷുവിന് ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 14-ന് രാവിലെ 11.30-ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജനാണ്  വാട്ടര്‍ സൈക്കിളങും, കയാക്കിങും ഫ്‌ളാഗ് ഓഫ് ചെയ്യും.

വാട്ടര്‍ സൈക്കിളിംഗ് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. വിഷു ദിനമായ ഏപ്രില്‍ 15-ന് മാത്രം ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവായി 100 രൂപ അനുവദിക്കും. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്.

സൈക്കിള്‍ മാതൃകയിലുളളളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും  ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.  ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ടോപ്പ് കവര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഷിപ്പ് മെക്കാനിക്കായ ഉദയംപേരൂര്‍ സ്വദേശി വെന്‍സി ആന്റണിയുടെയും, മത്സ്യഫെഡിന്റെയും സംയുക്ത സംരംഭമാണിത്. വാട്ടര്‍ സൈക്കിളിന്റെ സാങ്കേതിക വിദ്യ പരിശോധിച്ച് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ്. സിഫ്റ്റിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും, നേവല്‍ ആര്‍ക്കിടെക്റ്റുമായ ഡോ.എം.വി.ബൈജുവാണ് ഈ സംരംഭത്തിന് സാങ്കേതിക സഹായം നല്കിയത്. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിക്കണം. ഫാമില്‍ ഒരു ലൈഫ് ഗാര്‍ഡിന്റെ സേവനവുമുണ്ട്.

 വെന്‍സി ആന്റണിയെയും, സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിഫ്റ്റിലെ എം.വി.ബൈജുവിനെയും ഉദ്ഘാടനവേളയില്‍ ആദരിക്കും. മത്സ്യഫെഡ് ഭരണ സമിതിയംഗങ്ങള്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

date