ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററായി നിയമനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജീവനക്കാര്‍ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം. മലപ്പുറത്ത് മൂന്നും കോട്ടയത്ത് ഒരു ഒഴിവുമാണുള്ളത്. 26500-56700 വരെയാണ് വേതനം. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം, സംഘാടന പാടവം, ദാരിദ്ര്യ നിര്‍മ്മാര്‍ജന-തൊഴില്‍ദാന പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. കൃഷി, ഗ്രാമവികസന/സാമൂഹികക്ഷേമ/പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന/മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു) എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വനിതാ ഉദ്യോഗസ്ഥര്‍ക്കു മുന്‍ഗണന നല്‍കും.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 21 വൈകുന്നേരം അഞ്ച് മണി. 23 രാവിലെ 10 മുതലാണ് എഴുത്തുപരീക്ഷയും അഭിമുഖവും. (ഇന്റര്‍വ്യൂവിനായി പ്രത്യേകം കത്ത് നല്‍കുന്നതല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് (www.kudumbashree.org) സന്ദര്‍ശിക്കുക.
പി.എന്‍.എക്‌സ്.1370/18
- Log in to post comments