Skip to main content

തെരഞ്ഞെടുപ്പ് പ്രചരണം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

 

 

 

 

തദ്ദേശതെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ലാകലക്ടര്‍ എസ്. സാംബശിവറാവു ഉത്തരവിട്ടു. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം സ്ഥാനാര്‍ഥികളുടെയും മറ്റും പ്രചാരണ പരിപാടികളില്‍ ഉള്‍പ്പെടുത്തണം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല ഷോള്‍ എന്നിവ നല്‍കികൊണ്ടുള്ള സ്വീകരണ പരിപാടികള്‍ നടത്താന്‍ പാടില്ല.

 ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കോവിഡ് പോസിറ്റീവ് ആവുകയോ  ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വറന്റൈനില്‍  പ്രവേശിക്കുകയോ ചെയ്യുന്നപക്ഷം ഉടന്‍തന്നെ പ്രചാരണരംഗത്ത് നിന്ന് മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയ ശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിയോടുകൂടി മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളൂ.   സ്ഥാനാര്‍ത്ഥികള്‍ മറ്റുള്ളരോട് സംസാരിക്കുമ്പോള്‍ നിര്‍ബന്ധമായും രണ്ടടി അകലം പാലിച്ചിരിക്കണം. സ്ഥാനാര്‍ത്ഥിയും സ്ഥാനാര്‍ഥിയോട് സംസാരിക്കുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. ഇടുങ്ങിയ മുറികളില്‍ യോഗം ചേരരുത്. കുട്ടികളോടും പ്രായമായവരോടും  ഗര്‍ഭിണികളോടും അടുത്തിടപഴകുന്നത് ഒഴിവാക്കണം. സ്ഥാനാര്‍ത്ഥികള്‍ മറ്റ് വീടുകളുടെ അകത്ത് പ്രവേശിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

 

date