Skip to main content

പഞ്ചായത്തുകളില്‍ ഓരോ ബൂത്തിനുമായി 50 പോസ്റ്റല്‍ ബാലറ്റുകള്‍, മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും 70 വീതം

 

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിങ്ങ് നടത്തുന്നതു സംബന്ധിച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ജില്ലയില്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഒരു ബൂത്തിലേക്ക് 50 പോസ്റ്റല്‍ വോട്ടുകളും കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും ഓരോ ബൂത്തിലേക്കും 70 പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും അച്ചടിക്കുന്നത്. കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആവശ്യാനുസരണം മാത്രമേ അച്ചടിക്കു. 

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോവിഡ് സംബന്ധമായ കാര്യങ്ങള്‍ ക്രമീകരിക്കാനും രോഗ പ്രതിരോധ നടപടി സ്വീകരിക്കാനും ജില്ല തലത്തിലും പഞ്ചായത്ത് തലത്തിലും ആരോഗ്യ വകുപ്പിൻറെ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.  കോവിഡ് 19 സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ജില്ലാ തലത്തില്‍  ജില്ല ഹെല്‍ത്ത് ഓഫീസര്‍ അംഗീകരിച്ചു നല്‍കണം. ആരോഗ്യ വകുപ്പ് ഇതിനായി ജില്ല ഹെല്‍ത്ത് ഓഫീസറെ നിയമിക്കും.

ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജില്ല ഹെല്‍ത്ത് ഓഫീസ്‍ തയ്യാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് ജില്ല ഇലക്ഷന്‍ ഓഫീസര്‍ക്ക് കൈമാറും. തിരഞ്ഞെടുപ്പിന് പത്തു ദിവസം മുമ്പായിരിക്കും ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ അതാത് ദിവസങ്ങളില്‍ ജില്ല ഹെല്‍ത്ത് ഓഫീസര്‍ കൈമാറും. വോട്ടിങ്ങ് ദിനത്തിന് തലേന്ന് വൈകീട്ട് മൂന്നു മണി വരെയായിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കുന്നത്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ടിങ്ങ് മാത്രമേ അനുവദിക്കു, തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് നെഗറ്റീവ് ആയാലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയാലും പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല.  വോട്ടിങ്ങിന് തലേ ദിവസം മൂന്നു മണിക്ക് ശേഷം പോസിറ്റീവ് ആകുന്ന ആളുകള്‍ക്ക് പോളിങ്ങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കും. ജില്ല ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കുന്ന നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ പോസ്റ്റല്‍ വോട്ടിങ്ങിന് അവസരമുണ്ടാവു.

ജില്ലയില്‍ ഡിസംബര്‍ ഒന്നിനായിരിക്കും ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ജില്ല ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കുക. എന്നാൽ ഡിസംബര്‍ 8 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ  വോട്ടര്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫൈഡ് ലിസ്റ്റ് നവംബര്‍ 29 ന് തന്നെ തയ്യാറാക്കാന്‍ ആരംഭിക്കും.  സമീപ ജില്ലകളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിച്ച് അതാത് ജില്ലകളിലെ ജില്ല ഇലക്ഷൻ ഓഫീസര്‍ക്ക് കൈമാറും.

date