സ്‌പെഷ്യല്‍ തപാല്‍ വോട്ട്: കോവിഡ് ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പട്ടിക ഇന്ന് മുതല്‍ തയ്യാറാക്കി തുടങ്ങും
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) ഇന്ന് മുതല്‍ (നവംബര്‍ 29) തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കോവിഡ് ബാധിതരായി കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും.
ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഇന്ന് മുതല്‍ തന്നെ ചുമതലപ്പെടുത്തിയ ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറും. കൂടാതെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റും അതത് ദിവസങ്ങളില്‍ കൈമാറും. ഡിസംബര്‍ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഡിസംബര്‍ ഒന്നിനാണ് ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറേണ്ടത്. ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ ഒന്‍മ്പത് വൈകുന്നേരം മൂന്ന് വരെയുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റും അതത് ദിവസങ്ങളിലായി കൈമാറണം.
ഡിസംബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍ അഞ്ചിനാണ് ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഹെല്‍ത്ത് ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറേണ്ടത്. തുടര്‍ന്ന് ഡിസംബര്‍ ആറ് മുതല്‍ 13ന് വൈകുന്നേരം മൂന്ന് വരെയുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അതത് ദിവസങ്ങളിലായി കൈമാറണം.
തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളില്‍ കഴിയുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ എല്ലാ ദിവസവും ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഈ പട്ടിക സ്‌പെഷ്യല്‍ വോട്ടറുള്‍പ്പെടുന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന് അതത് ദിവസം തന്നെ നല്‍കുകയും വേണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന പട്ടികയിലുള്ള മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ അയച്ച് കൊടുക്കും. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് മുഖേനയോ ചുമതലപ്പെടുത്തിയ ആള്‍വശമോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവര്‍ വാര്‍ഡിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പായി വരണാധികാരിക്ക് തിരികെ നല്‍കണം.
- Log in to post comments