തദ്ദേശ തിരഞ്ഞെടുപ്പ് കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും
ജില്ലയിലെ കോവിഡ് രോഗികളായ വോട്ടർമാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതിനായി ഇവരുടെ വിശദാംശങ്ങൾ ഡിസംബർ ഒന്നു മുതൽ ഡിസംബർ 9 വൈകിട്ട് 3 വരെ ശേഖരിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സഹായത്തോടെ ആയിരിക്കും വിശദാംശങ്ങൾ ശേഖരിക്കുക. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ മാർക്കുള്ള യോഗത്തിൽ ജില്ലാ കലക്ടർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും വീഴ്ച കൂടാതെ നടപ്പിലാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. എല്ലാ സ്ഥാനാർഥികളും പ്രചാരണത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ
പി.പി പ്രമോദ്, ബ്ലോക്ക് വരണാധികാരികൾ എന്നിവർ പങ്കെടുത്തു.
കോവിഡ് രോഗികൾക്കുള്ള വോട്ടിംഗ് : മാർഗ്ഗനിർദ്ദേശങ്ങൾ
കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും വോട്ട് ചെയ്യുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കും. ഇവരെ സ്പെഷ്യൽ വോട്ടേഴ്സ് ആയി പരിഗണിച്ചാണ് വോട്ടിങ് സൗകര്യമൊരുക്കുക. ഇവർക്കായി സ്പെഷൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ( എസ് പി ബി ) തയ്യാറാക്കും. ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്പെഷ്യൽ വോട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കുക. ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായ ഡിസംബർ 9 വൈകിട്ട് മൂന്നുവരെ വോട്ടർമാരായ രോഗികളുടെ വിശദാംശങ്ങൾ ശേഖരിക്കും.
ഡിസംബർ ഒന്നു മുതൽ ഡിസംബർ 9 വരെയുള്ള ദിവസങ്ങളിൽ രോഗികളുടെയോ ക്വറന്റൈനിൽ ഇരിക്കുന്നവരുടെയോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഈ കാലയളവിൽ നെഗറ്റീവ് ആയാലും നേരിട്ടുള്ള വോട്ടിംഗ് അനുവദിക്കില്ല. ഇവർ പോസ്റ്റൽ വോട്ടിങ് ചെയ്യണം. ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ വിശദാംശങ്ങൾ ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ വെബ്സൈറ്റിൽ ലഭിക്കും. എന്നാൽ രോഗികളുടെ പേര് വിവരങ്ങൾ പ്രദർശിപ്പിക്കില്ല.
ജില്ലയിൽ ഡിസംബർ പത്തിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ ഒന്നുമുതലാണ് വിശദാംശങ്ങൾ ശേഖരിക്കുക. എന്നാൽ ജില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലക്കാർ ഉണ്ടെങ്കിൽ ഇവരുടെ വിശദാംശങ്ങൾ നവംബർ 29ന് തയ്യാറാക്കാം. ഇത് ഡിസംബർ 7 വരെ പുതുക്കാം. ഈ ജില്ലകളിൽ ഡിസംബർ എട്ടിനാണ് വോട്ടെടുപ്പ്.
- Log in to post comments