Skip to main content

500 ഡയാലിസിസുകൾ പൂർത്തിയാക്കി പി.വി.എസ് കോവിഡ് അപെക്സ് സെൻ്റർ

എറണാകുളം: ഡയാലിസിസ് വേണ്ടി വരുന്ന കോവിഡ് രോഗികൾക്ക് ആശ്വാസം പകർന്ന് കലൂർ കോവിഡ് അപെക്സ് സെൻ്റർ. പണം നൽകാതെ പൂർണമായും സൗജന്യമായ 500 ഡയാലിസിസുകളാണ് മൂന്ന് മാസത്തിനുള്ളിൽ ഇവിടെ പൂർത്തിയാക്കിയത്. 

 

സ്ഥിരമായി ഡയാലിസിസ് നടത്തുന്നവർക്ക് കോവിഡ് പോസിറ്റീവായാൽ ഇവരുടെ ചികിത്സ പൂർണമായും അപെക്സ് സെൻ്ററാണ് ഏറ്റെടുത്തത്. കോവിഡ് ബാധിച്ചതിനാൽ ഇവരുടെ തുടർ ചികിത്സ പ്രതിസന്ധിയിലായിരുന്നു. ഇത്തരക്കാർക്ക് പൂർണ പിന്തുണയാണ് സെൻറർ നൽകിയത്. 

 

കോവിഡ് മുക്തരായ പലരിലും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥയുണ്ടായിരുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലായവർക്കും ഇവിടെ അടിയന്തരമായി സൗജന്യ ഡയാലിസിസ് നൽകി. മൂന്ന് ഷിഫ്റ്റുകളിൽ എട്ട് ഡയാലിസിസ് യൂണിറ്റുകളാണ്  പ്രവർത്തിക്കുന്നത്..

കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ മാത്രമാണ് ആദ്യം ഡയാലിസിസ് സൗകര്യം ഉണ്ടായിരുന്നത്. നാട്ടുകാരുടെയും സുമനസുകളുടെയും സഹകരണമാണ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കു പിന്നിലെന്ന് നോഡൽ ഓഫീസർ ഡോ. ആശ വിജയൻ പറഞ്ഞു.

date