Skip to main content

ചുഴലിക്കാറ്റ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസുംമത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കണം. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തണം.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയ ദുരന്ത സാധ്യതാ മേഖലകളില്‍ ഡിസംബര്‍ രണ്ടാം തീയതിയോടുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2020 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നവിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കണം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കുകയും അവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യണം. മഴ ശക്തിപ്പെടുന്നതോടെ പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുമണി വരെ നിയന്ത്രിക്കണം. 

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണം.

ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയോ കരയില്‍ പ്രവേശിക്കുകയോ ചെയ്യുന്ന സാഹചര്യം വൈദ്യുത മേഖലയെ സാരമായി ബാധിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അതീവ ജാഗ്രത പുലര്‍ത്തണം. അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

date