ആയുധം കാട്ടി മോഷണം: പ്രതിയെ ശിക്ഷിച്ചു
കൊല്ലങ്കോട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപമുള്ള ജ്വല്ലറി ഉടമസ്ഥനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേശികളായ ഷംസുദ്ദീന്‍ (24), മാബുബാഷ (19), മുഹമ്മദ് റാഫി എന്നിവരെ ഒരു വര്‍ഷം കഠിന തടവിനും 5000/ രൂപ പിഴയടക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. 2011 മാര്‍ച്ച് 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്കു മടങ്ങുന്നതിനിടെ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാഗ് തട്ടിപ്പറിച്ച് കാറില്‍ നെന്മാറ ഭാഗത്തേക്ക് പോയ പ്രതികളുടെ കാര്‍ നെന്‍മാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ഡ്രൈവറടക്കമുള്ള മൂന്നു പേരെയും സ്വര്‍ണ്ണാഭരണങ്ങളും 11,500/ രൂപ അടങ്ങിയ പേഴ്‌സും കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യുഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടര്‍ വി.ജി.ബിസി ഹാജരായി.
- Log in to post comments