Skip to main content

തെരഞ്ഞെടുപ്പു പ്രചാരണം: കോവിഡ് പ്രോട്ടോക്കോൾ ലംഘനം അനുവദിക്കില്ലെന്നു കളക്ടർ

തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഭവന സന്ദർശനത്തിലടക്കം പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു നിർദേശം. പ്രചാരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ കളക്ടർ പൊലീസിനു നിർദേശം നൽകി.

ഭവന സന്ദർശനത്തിൽ ഒരു സമയം സ്ഥാനാർഥിക്കൊപ്പം പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ എന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. എന്നാൽ ജില്ലയുടെ പല ഭാഗങ്ങളിലും ഇതു ലംഘിച്ച് കൂട്ടമായി ആളുകൾ എത്തുന്നതായി ഇന്നലെ ചേർന്ന എംസിസി സെല്ലിന്റെ യോഗത്തിൽ പരാതികൾ ലഭിച്ചു. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ എന്ന നിർദേശവും കർശനമായി പാലിക്കണം. ജാഥ, ആൾക്കൂട്ടം എന്നിവ പാടില്ല. 

പൊതുയോഗങ്ങൾ നടത്തുന്നതിനു മുൻപു നിർബന്ധമായും പൊലീസിന്റെ അനുമതി വാങ്ങിയിരിക്കണം. സ്ഥാനാർഥികൾക്കു ബൊക്കെ, നോട്ടുമാല, ഹാരം എന്നിവ നൽകിയുള്ള സ്വീകരണം പാടില്ല. സ്ഥാനാർഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻ പ്രചാരണ രംഗത്തുനിന്നു മാറി നിൽക്കണമെന്നും കളക്ടർ പറഞ്ഞു.

date