സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: സർട്ടിഫൈഡ് ലിസ്റ്റിൽ 13,795 പേർ
** സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ വിതരണത്തിനു തുടക്കമായി
കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനായി തയ്യാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ജില്ലയിൽ ഇതുവരെ 13,795 പേർ. ഇവർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകുന്ന നടപടികൾക്കു തുടക്കമായി. 130 ടീമുകളായാണ് സ്‌പെഷ്യൽ പോളിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നത്.
തിരുവനന്തപുരം ജില്ലയിലെ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണത്തിനുള്ള ആദ്യ സംഘത്തെ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ യാത്രയാക്കി. പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംഘം കോവിഡ് ബാധിതരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിൽ ബാലറ്റ് പേപ്പറുകൾ നൽകുന്നത്.
ആരോഗ്യ വകുപ്പിൽനിന്നുള്ള ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസറാണ് കോവിഡ് പോസ്റ്റിവായതും ക്വാറന്റൈനിൽ കഴിയുന്നതുമായ സമ്മതിദായകരുടെ സർട്ടിഫൈഡ് ലിസ്റ്റ് തയാറാക്കുന്നത്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം കോവിഡ് പോസിറ്റിവായ 4,251 പേരും ക്വാറന്റൈനിൽ കഴിയുന്ന 9,544 പേരും സർട്ടിഫൈഡ് ലിസ്റ്റിലുണ്ട്.
വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബർ ഏഴിനു വൈകിട്ട് മൂന്നു വരെ സർട്ടിഫൈഡ് ലിസ്റ്റ് തയാറാക്കും. സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്ക് പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാൻ കഴിയില്ലെന്നും തപാൽ വോട്ട് മാത്രമേ ചെയ്യാനാകൂ എന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ കളക്ടർ വ്യക്തമാക്കി.
പോസ്റ്റൽ ബാലറ്റ് നൽകുന്ന ആദ്യ സംഘത്തെ യാത്രയാക്കുന്ന ചടങ്ങിൽ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ വിനയ് ഗോയൽ, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, എ.ഡി.എം. വി.ആർ. വിനോദ്, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവേൽ എന്നിവരും പങ്കെടുത്തു.
- Log in to post comments