ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഡിസംബര്‍ മൂന്നിന് 10 മാസം
ജില്ലയില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 22091പേര്‍ക്ക്, രോഗം ഭേദമായത് 20764 പേര്‍ക്ക്
കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത്, ഡിസംബര്‍ മൂന്നിന് പത്ത് മാസം തികയുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ഫെബ്രുവരി മൂന്നിനാണ് ജില്ലയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടമാണ് ജില്ല നടത്തി വരുന്നത്. ജില്ലയിലെ ആദ്യ കോവിഡ് രോഗി ഫെബ്രുവരി 16 ന് രോഗവിമുക്തനായെങ്കിലും,മാര്‍ച്ച് പകുതിയോടെ ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. മാര്‍ച്ച് അവസാനത്തോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ ഗ്രാഫ് കുത്തനേയുയര്‍ന്ന്, ജില്ലയുടെ പൊതുജീവിതത്തിന് മുകളില്‍ ഭയത്തിന്റെയും ആശങ്കയുടെയും കരിനിഴല്‍ ഉയര്‍ന്ന് നിന്നു. വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ നടത്തിയ അടച്ചിടല്‍ തന്ത്രത്തോട് ജനം ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് കൂടെനിന്നതും ഈ ഘട്ടത്തില്‍ തുണയായി. സ്വജീവിതം പോലും പണയംവെച്ച് ആരോഗ്യപ്രവര്‍ത്തകരും മറ്റുള്ളവരും നടത്തിയ ബോധവത്കരണത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഫലമായി ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടത്തിലുള്ള 178 രോഗികളെയും മെയ് പത്തിന് രോഗവിമുക്തരാക്കാന്‍ കഴിഞ്ഞു.
ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 165 ദിനങ്ങള്‍
കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ 165 ദിവസം ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മൂന്ന് മുതല്‍ ജൂലൈ 16 വരെ, ജില്ലയില്‍ ഒറ്റ കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലയില്‍ ഇതുവരെയായി (ജൂലൈ 17 മുതല്‍ ഡിസംബര്‍ രണ്ട് വരെ) 234 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികം പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മറ്റു പല ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവരുമാണ്
ജില്ലയില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 22091പേര്‍ക്കാണ് ഇവരില്‍ 20764 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെയായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 93.99 ശതമാനം പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ ഇതുവരെയായി ആകെ രോഗം സ്ഥിരീകരിച്ചതില്‍ 1.05 ശതമാനം പേര്‍ മാത്രമാണ് മരണപ്പെട്ടിട്ടുള്ളത്. നിതാന്തമായ ജാഗ്രതയുടെയും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ജില്ലയില്‍ കോവിഡ് മരണസംഖ്യ നന്നേ കുറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ ഒന്നായി മാറാന്‍ കാസര്‍കോടിന് കഴിഞ്ഞത് ആരോഗ്യ പ്രവര്‍ത്തകരും പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്. കോവിഡ് പ്രതിരോധിക്കാന്‍ ഇനിയും കര്‍ശന ജാഗ്രത കൂടിയേ തീരൂ.
- Log in to post comments