Skip to main content

അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  പദ്ധതിക്ക് കീഴിൽ നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പും പ്രൊഫഷണൽ  കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് ലാപ്‌ടോപ്പും വിതരണം ചെയ്യും.  റ്റി.റ്റി.സി, ഐ.റ്റി.ഐ/ ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവർക്കുമാണ് സ്‌കോളർഷിപ്പിന് അർഹത.  പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്‌മെന്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കുകയുള്ളൂ.  മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവരുടെ കോഴ്‌സ് കേരള സർക്കാർ അംഗീകൃതമാണെന്ന് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം.  ഒരു കോഴ്‌സിന് ഒരു പ്രാവശ്യം മാത്രമേ സ്‌കോളർഷിപ്പ് നൽകൂ.  അപേക്ഷാഫോം കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്ന് സൗജന്യമായി ലഭിക്കും.  അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഈ മാസം 31ന് വൈകിട്ട് അഞ്ചിനു മുൻപ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർക്ക് സമർപ്പിക്കണം.  കരട് ലിസ്റ്റ് ജനുവരി 18നും അന്തിമ ലിസ്റ്റ് 30നും പ്രസിദ്ധീകരിക്കും.  അപൂർണ്ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല.  കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓഫീസുമായി ബന്ധപ്പെടുക.  തിരുവനന്തപുരം - 9400229510, എറണാകുളം - 0484 2368531, കോഴിക്കോട് - 0495 2768094.
പി.എൻ.എക്‌സ്. 4230/2020

date