സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഒന്നിലധികം തവണ ശേഖരിക്കും
========
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റയനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊക്കുന്നതിനുള്ള നടപടികള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിനായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സെല്ലില്‍നിന്നും ആരോഗ്യ വകുപ്പില്‍നിന്നും അതത് വരണാധികാരികളുടെ ഓഫീസുകളില്‍നിന്നും വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും.
ചികിത്സയിലും ക്വാറന്റയനിലുമുള്ളവര്‍ തങ്ങളുടെ തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ്, പോളിംഗ് സ്‌റ്റേഷന്‍, ക്രമനമ്പര്‍, തിരിച്ചറില്‍ കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഒരാള്‍ക്കു പോലും വോട്ടു ചെയ്യുന്നതിനുള്ള അവസരം നഷ്ടമാകാതിരിക്കുന്നതിനായാണ് ഈ വിഭാഗത്തിലുള്ളവരെ കണ്ടെത്തുന്നതിനും വിവര ശേഖരണത്തിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.
ഈ വിവരങ്ങള്‍ ഒരു പേപ്പറില്‍ എഴുതി കൈവശം സൂക്ഷിച്ചാല്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ തന്നെ ഇവ നല്‍കാനാകും. ആവര്‍ത്തിച്ച് വിവരങ്ങള്‍ നല്‍കേണ്ടിവരുന്നത് അസൗകര്യമായി കണക്കാക്കാതെ ജനാധിപത്യ പ്രകിയയില്‍ പങ്കാളികളാകുന്നതിനുള്ള അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
- Log in to post comments