Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം: സ്വകാര്യ വാഹനങ്ങൾക്ക് വിലക്കില്ല

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ചട്ടങ്ങൾ അനുസരിച്ച് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പ്രചാരണ വാഹനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ഉപയോഗിക്കാം. ഇതിന് പൊലീസിന്റെ അനുമതി വാങ്ങിയിട്ടുണ്ടാകണം. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരുന്നതാണ്. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെർമിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാൻ പാടില്ല. ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥാനാർത്ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമെ ഉപയോഗിക്കാൻ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി മൂന്നു വാഹനങ്ങളും ജില്ലാ പഞ്ചായത്തിൽ നാലു വാഹനങ്ങളും ഉപയോഗിക്കാം. മുനിസിപ്പാലിറ്റികളിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി രണ്ട് വാഹനങ്ങളും കോർപ്പറേഷനുകളിൽ നാല് വാഹനങ്ങൾ വരെയും ഉപയോഗിക്കാം.
പി.എൻ.എക്‌സ്. 4232/2020

date