Skip to main content

കോവിഡ് 19; ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം

 

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണങ്ങളും മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡ് മാസ്ക്, സാനിറ്റൈസർ, കൈയ്യുറ എന്നിവ നിർബന്ധമായും ഉപയോഗിക്കും. പോളിംഗ് ഏജന്റുമാർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർമാർ തിരിച്ചറിയൽ രേഖ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. വോട്ടർമാർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്ക് മാറ്റണം.

വോട്ടർമാർ രജിസ്റ്ററിൽ ഒപ്പ് , വിരലടയാളം പതിക്കണം. വോട്ടർമാരുടെ വിരലിൽ ശ്രദ്ധാപൂർവ്വം വേണം മഷി പുരട്ടേണ്ടത്. ത്രിതല പഞ്ചായത്തുകൾക്ക് 3 വോട്ടും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾക്ക് ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം. കോവിഡ്-19 പോസിറ്റീവ് ആയവർക്കും ക്വാറീനിലുള്ളവർക്കും തപാൽ വോട്ടാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. തപാൽ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാൽ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിർബന്ധമായും കൈയ്യുറ, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. വോട്ടെടുപ്പിന് ശേഷം രേഖകൾ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

date