തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരുടെ യോഗം ചേർന്നു
ആലപ്പുഴ : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ ജെറോമിക് ജോർജ് പറഞ്ഞു. ഉദ്യോഗസ്ഥരെല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറായി കഴിഞ്ഞു. ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളെല്ലാം മികച്ച രീതിയിൽ സജ്ജമായിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ബൂത്തുകളും തയ്യാറായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലയിൽ പൊതു നിരീക്ഷകന് പുറമേ നാല് ചെലവ് നിരീക്ഷകരുമുണ്ട്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി മികവുറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ചെലവ് നിരീക്ഷകരും വിലയിരുത്തി. ഇതുവരെയും സ്ഥാനാർഥികളുടെ ചെലവിൽ യാതൊരു വിധ ക്രമക്കെടുകളും സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല.
തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകളും ചേർത്തല മുനിസിപ്പാലിറ്റിയുടെയും ചെലവ് നിരീക്ഷകൻ സംസ്ഥാന ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് അഡീഷണൽ സെക്രട്ടറിയും ജോയിന്റ് പ്രോട്ടോകോൾ ഓഫീസറുമായ ഷൈൻ എ ഹഖ് ആണ്. ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെയും ചെലവ് നിരീക്ഷകൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ടി രമേശാണ്.ചെങ്ങന്നൂർ, ഹരിപ്പാട്, ബ്ലോക്കുകളും ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം മുൻസിപ്പാലിറ്റികളുടെയും ചെലവ് നിരീക്ഷകൻ സംസ്ഥാന ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി പി ജി ഗോപകുമാറാണ്.മാവേലിക്കര, മുതുകുളം, ഭരണിക്കാവ് ബ്ലോക്കുകളുടെയും മാവേലിക്കര മുനിസിപ്പാലിറ്റിയുടെയും ചെലവ് നിരീക്ഷകൻ സംസ്ഥാന ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി മധുസൂദനൻ നായരാണ്. യോഗത്തില്‍ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എ. അലക്സാണ്ടറും തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരും പങ്കെടുത്തു.
- Log in to post comments