തെരഞ്ഞെടുപ്പ് : പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും
ആലപ്പുഴ : കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ -സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലും ക്രമീകരിച്ചിരിക്കുന്ന വിതരണ കേന്ദ്രങ്ങളിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സ്‌ക്രീനിംഗ് സംവിധാനം ഉണ്ടാകും. ഡിസംബര്‍ ഏഴിനു രാവിലെ 8 മണി മുതലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. കോവിഡ് പശ്ചാത്തലത്തില്‍ ഓരോ പഞ്ചായത്തുകള്‍ക്കും വിതരണ കേന്ദ്രത്തില്‍ പ്രത്യേക സമയം അനുവദിക്കും. തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണം.
പോളിങ് സാമഗ്രികള്‍ കൈപ്പറ്റാന്‍ എത്തുന്ന ഉദ്യോഗസ്ഥരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷം രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കും. വിതരണ കേന്ദ്രത്തിന് സമീപമുള്ള സി. എച്. സി കളിലോ അല്ലാത്തപക്ഷം ഇതിനായി ക്രമീകരിക്കുന്ന മൊബൈല്‍ കിയോസ്‌കിലോ ഇവര്‍ക്കായി ആന്റിജന്‍ ടെസ്റ്റ് സൗകര്യം ഉറപ്പാക്കും. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആവുന്നവരെ ആര്‍. റ്റി. പി. സി. ആര്‍ ടെസ്റ്റിന് വിധേയമാക്കും. ഈ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ വിതരണ കേന്ദ്രങ്ങളില്‍ നിയോഗിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി വിതരണ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ടീമുകളെ ഉള്‍പ്പെടുത്തി അടുത്ത ദിവസം തന്നെ പ്രത്യേക യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.
വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരെ ടെസ്റ്റിന് എത്തിക്കുവാനായി പ്രത്യേക വാഹന സൗകര്യവും അവശ്യ സര്‍വ്വീസിനായി ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനിച്ചു.
- Log in to post comments