Skip to main content

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത, കടലിൽ പോകരുത്

ഡിസംബർ 6 വരെ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു.
മാന്നാർ കടലിടുക്കിൽ എത്തിയ തീവ്ര ന്യൂനമർദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റർ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിലോമീറ്റർ ദൂരത്തിലുമാണ്. നിലവിൽ തീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയുമാണ്. തീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ഡിസംബർ ആറുവരെ ലക്ഷദ്വീപ്-മാലിദ്വീപ്, കൊമോറിൻ പ്രദേശങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും കേരളത്തിന്റെ തെക്കൻ തീരപ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൽസ്യത്തൊഴിലാളികൾ ഈ തീയതികളിൽ കടലിൽ പോകാൻ പാടുള്ളതല്ല.
പി.എൻ.എക്സ്. 4250/2020

date