തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്;
ജില്ലയിൽ പരസ്യപ്രചാരണം ഞായറാഴ്ച വൈകിട്ട് ആറിന് തീരും
ആലപ്പുഴ: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിനുള്ള സമയം ഇന്ന് (ഡിസംബർ 6) അവസാനിക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അഭ്യർത്ഥിച്ചത്. ഞായറാഴ്ച വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കോവിഡ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള അവസാന നിമിഷത്തെ കൊട്ടിക്കലാശം ഇത്തവണ ഒഴിവാക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടർ നിര്‍ദ്ദേശിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദ്ദേശമെന്ന് കളക്ടര്‍ പറഞ്ഞു.
സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിനും വോട്ട് ചെയ്ത് തിരികെ വാങ്ങുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം വേണം. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കുമാണ് ഇത്തരത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരമാവധി ഇത്തരത്തിലുള്ള വോട്ടുകള്‍ ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം വേണമെന്ന് കളക്ടര്‍ പറഞ്ഞു. ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ കോവിഡ് പോസിറ്റീവ് ആവുകയോ ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഡി.എം.ഓ നല്‍കുന്ന ലിസ്റ്റ് പ്രകാരം സ്പെഷ്യല്‍ പോസ്ററല്‍ ബാലറ്റ് പേപ്പര്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഈ പട്ടികയില്‍പെടുന്നവര്‍ക്ക് ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. ഡിസംബര്‍ ഏഴിന് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് പോളിങ് ദിവസം വൈകിട്ട് അഞ്ചിനും ആറ് മണിക്ക് മുമ്പായും പോളിങ് ബുത്തിലെത്തി വോട്ട് ചെയ്യാം. സാധാരണ വോട്ടര്‍മാര്‍ എല്ലാവരും വോട്ട് ചെയ്ത് പോയശേഷമാണ് ഇവര്‍ക്ക് അവസരം നല്‍കുക. ഇങ്ങനെ വരുന്നവര്‍ പി.പി.ഇ കിറ്റ് ധരിച്ചാകണം വരേണ്ടത്. ആറ് മണിക്ക് ക്യൂവില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കും.പരമാവധി ആളുകളെ പോളിങ് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സുതാര്യവും നിര്‍ഭയവുമായി സമ്മതിദാന അവകാശം നിര്‍വഹിക്കുവാനുള്ള അവസരം ഒരുക്കുന്നതിന് എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് യോഗത്തില്‍ കളക്ടര്‍ അഭ്യര്‍ഥിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടികളക്ടര്‍ പി.എസ്.സ്വര്‍ണമ്മ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായി.
- Log in to post comments