Skip to main content

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍

വട്ടപ്പാറ വളവിലെ റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പുനസ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു. റോഡരികിലെ മുഴുവന്‍ പരസ്യബോര്‍ഡുകളും നീക്കം ചെയ്യാനും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനും റോഡ് സേഫ്റ്റി യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. വട്ടപ്പാറയില്‍ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനും പുതിയത് സ്ഥാപിക്കുന്നത് തടയാനും തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ നിയന്ത്രിക്കാന്‍  പരിശോധന ശക്തമാക്കും.
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനും മാലിന്യം തള്ളുന്നവരെ പിടികൂടാനും ജില്ലയുടെ പല ഭാഗങ്ങളിലും കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ഇതിനായി ഫണ്ട് നീക്കിവെക്കാനുള്ള സാധ്യതകള്‍ നഗരസഭകളോട് ആരായും. റോഡപകടങ്ങള്‍ പരമാവധി കുറക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ആര്‍.ടി.ഒ കെ.സി മാണി, ആംഡ് റിസര്‍വ് അസി. കമ്മീഷണര്‍ ഡാല്‍വിന്‍ സുനേഷ്, റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം പ്രസിഡന്റ് കെ.എം അബ്ദു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date