Skip to main content

ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയള്ള വിവിധ ജില്ലകളില്‍  ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചതോടൊപ്പം ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കി. ഡിസംബര്‍ 6 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം  എന്നീ  ജില്ലകളിലും  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

2020 ഡിസംബര്‍ 6 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്. ഡിസംബര്‍ 7 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍. എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ മഴയുണ്ടാവുന്ന സാഹചര്യത്തില്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍  ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശി ച്ചിട്ടുണ്ട്.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കുക. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24x7 മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്  എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാര്‍ഗ്ഗ രേഖ 'ഓറഞ്ച് ബുക്ക് 2020' ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാര്‍ഗ്ഗരേഖക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
 
നിലവിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2020 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന  (പേജ് നമ്പര്‍ 58, ഓറഞ്ച് ബുക്ക് 2020) വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2020 ല്‍ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതാണ്.

മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. അപകടാവസ്ഥയില്‍ (മുകളില്‍ സൂചിപ്പിച്ച വള്‍നറബിള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്.  ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍ , ഡാം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
 

 

date