Skip to main content

ഫെസ്റ്റിവല്‍ ഓഫ് റിയാലിറ്റി'- പങ്കാളികളായത് ആയിരത്തോളം ഭിന്നശേഷി കുട്ടികള്‍

 

 

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കോഴിക്കോട് നടത്തിയ ഫെസ്റ്റിവല്‍ ഓഫ് റിയാലിറ്റിയില്‍ ആയിരത്തിലധികം ഭിന്നശേഷി കുട്ടികള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു.  പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറിതലം വരെയുള്ള ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടിയാണ് 'ഫെസ്റ്റിവല്‍ ഓഫ് റിയാലിറ്റി' സംഘടിപ്പച്ചത്.  ബി.ആര്‍.സി തലത്തില്‍ നടന്ന ഓണ്‍ലൈന്‍ അവതരണങ്ങളില്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായി. ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചത്. ക്ലാസടിസ്ഥാനത്തില്‍ വിവിധ ബി.ആര്‍.സികള്‍ക്ക് ചുമതല കൊടുത്തു കൊണ്ട്് 15 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി   പരിപാടി സംഘടിപ്പിച്ചു.

ചലച്ചിത്രതാരം വിനയ്ഫോര്‍ട്ട് ജില്ലാതല ഉദ്ഘാടനം നടത്തി. ആര്യാരാജീവ് മുഖ്യാതിഥിയായി. ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു.ഷറഫലി, കോമഡി ഫെയിം സുഭാഷ് പയ്യോളി, ഗസല്‍ ഗായകന്‍ ഭാനുപ്രകാശ് തുടങ്ങി പ്രമുഖ കലാകാരന്മാരും ഉദ്യോഗസ്ഥരും വിവിധ സെഷനുകളില്‍ പങ്കാളികളായി.

സമാപനദിനമായ ഇന്ന് (ഡിസംബര്‍ അഞ്ച്) ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന കിടപ്പിലായ കുട്ടികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ഭിന്നശേഷികുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ നല്‍കും. ബി.ആര്‍.സി. പ്രവര്‍ത്തകര്‍ക്ക് പുറമെ ഉദ്യോഗസ്ഥരും കലാകാരന്മാരും സന്ദര്‍ശക സംഘത്തിലുണ്ടാവും. 'ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം താങ്ങായും തണലായും' എന്ന സന്ദേശം രക്ഷിതാക്കളിലും കുട്ടികളിലും എത്തിക്കുകയും ഭിന്നശേഷി കുട്ടികളെ ചേര്‍ത്ത് പിടിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്ന് ഓര്‍മ്മപ്പെടുത്തുകയുമാണ് 'ഫെസ്റ്റിവല്‍ ഓഫ് റിയാലിറ്റി'യുടെ ആത്യന്തിക ലക്ഷ്യമെന്ന് ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.

date