Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍; ജില്ലയില്‍ ശേഖരിച്ചത് 6422 പേരുടെ വിവരങ്ങള്‍

 

 

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനായി ഇതുവരെ ശേഖരിച്ചത് 6422 പേരുടെ വിവരങ്ങള്‍.   ഇതില്‍ 2524 പേര്‍ കോവിഡ് പോസിറ്റീവ് രോഗികളും 3898 പേര്‍ ക്വാറന്റൈനില്‍  കഴിയുന്നവരുമാണ്. പോസിറ്റീവ് രോഗികളില്‍ എട്ടുപേര്‍ മറ്റു ജില്ലക്കാരാണ്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ശേഖരിച്ച വിശദാംശങ്ങള്‍ ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക്  കൈമാറും തുടര്‍ന്ന് ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍  സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ കൈമാറും. സ്പെഷല്‍ ഓഫീസര്‍ മുഖേനയാണ് രോഗികള്‍ക്ക് ബാലറ്റ് പേപ്പറുകള്‍ ലഭിക്കുക. ജില്ലയില്‍ ഡിസംബര്‍ പത്തിന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്‍പത് വൈകിട്ട് മൂന്ന് വരെയാണ് കോവിഡ് രോഗികളുടെയും ക്വാറന്റൈനില്‍  കഴിയുന്നവരുടെയും വിവരങ്ങള്‍ ശേഖരിക്കുക. കോവിഡ് രോഗികളും ക്വാറന്റൈനില്‍  കഴിയുന്നവരുമായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

date