ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്; വോട്ടിങ് ശതമാനം 22.38
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ കനത്ത പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂർ പിന്നിടുമ്പോൾ 22.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ ആകെ പുരുഷ വോട്ടർമാരിൽ 25.72 ശതമാനവും വനിതാ വോട്ടർമാരിൽ 19.43 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി.
ആകെ വോട്ടർമാരിൽ 6,35,187 പേർ ഇതുവരെ വോട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 3,42,231 പേർ പുരുഷന്മാരും 2,93,522 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇതുവരെ 18.65 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 21.73ഉം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 19.92ഉം ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ 23.52ഉം വർക്കല മുനിസിപ്പാലിറ്റിയിൽ 22.21ഉം ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
ത്രിതല പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ 23.72 ശതമാനം പേർ വോട്ട് ചെയ്തു. വാമനപുരം - 24.38, പാറശാല - 22.9, ചിറയിൻകീഴ് - 23.23, വർക്കല - 24.96, കിളിമാനൂർ - 24.09, പെരുങ്കടവിള - 25.68, അതിയന്നൂർ - 24.09, നേമം - 23.82, പോത്തൻകോട് - 22.23 ശതമാനം എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.
- Log in to post comments