തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് : ജില്ല വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് : ജില്ല വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്
എറണാകുളം : കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചരണ പരിപാടികൾക്കും ശേഷം ജില്ലയിലെ വോട്ടർമാർ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. പതിവ് കൊട്ടിക്കലാശങ്ങളോ വലിയ തോതിലുള്ള പ്രകടനങ്ങളോ ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നൽകിയ നിർദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.
വോട്ടർമാർ
ജില്ലയിൽ ആകെ 2,590,200 വോട്ടർമാർ ആണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.1,254,568 പുരുഷ വോട്ടർമാരും 1,335,591 സ്ത്രീ വോട്ടർമാരും 41 ട്രാൻസ്ജെൻഡർ വോട്ടർമാരും ജില്ലയിലുണ്ട്. കൊച്ചി കോർപറേഷനിൽ 429,623 സമ്മതിദായകരാണുള്ളത്. 207,878 പുരുഷ വോട്ടർമാരും 221,743 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ് ജൻഡർ വോട്ടർമാരും കോർപറേഷനിലുണ്ട്. ജില്ലയിലെ 13 നഗരസഭകളിലായി 433,132 വോട്ടർമാരാണുള്ളത്. 208,135 പുരുഷ വോട്ടർമാരും 224,986 സ്ത്രീ വോട്ടർമാരും നഗരസഭകളിൽ സമ്മതിദായകരായുണ്ട്. നഗരസഭകളിൽ ആകെ 11 ട്രാൻസ് ജൻഡർ വോട്ടർമാരാണുള്ളത്. ജില്ലയിലെ 82 പഞ്ചായത്തുകളിലായി 1, 727,445 സമ്മതിദായകരുണ്ട്. 813,365 പുരുഷന്മാരും 888,862 സ്ത്രീകളും 28 ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവരും ഇതിലുണ്ട്.
സ്ഥാനാർഥികളുടെ വിവരങ്ങൾ
111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് ജില്ലയിൽ തിരഞ്ഞെടുക്കേണ്ടത്. ജില്ലയിൽ 82 ഗ്രാമ പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 13 മുൻസിപ്പാലിറ്റികളിലേക്കും കൊച്ചി കോര്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ല പഞ്ചായത്തിൽ ആകെയുള്ള 27 ഡിവിഷനുകളിൽ 14 എണ്ണം വനിതാ സംവരണമാണ്. ഇതിൽ രണ്ട് ഡിവിഷനുകൾ പട്ടിക ജാതി വനിതാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വാർഡ് ആണ് പട്ടിക ജാതി പൊതു വിഭാഗത്തിന് വേണ്ടി സംവരണം ചെയ്തിട്ടുള്ളത്. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ ആയി 185 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 99 ഡിവിഷനുകൾ ആണ് വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ മൂന്നു ഡിവിഷനുകൾ പട്ടികജാതി വനിതകൾക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. 14 ഡിവിഷനുകൾ ആണ് പട്ടിക ജാതി പൊതുവിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്. കൊച്ചി കോര്പറേഷനിൽ ആകെയുള്ള 74 ഡിവിഷനുകളിൽ 37 ഡിവിഷനുകളിൽ ആണ് വനിതാ സംവരണം ഉള്ളത്. ഇതിൽ രണ്ട് ഡിവിഷനുകൾ പട്ടിക ജാതി വനിതകൾക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഒരു ഡിവിഷൻ ആണ് പട്ടിക ജാതി പൊതു വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്.ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലായി 421 വാർഡുകളാണ് ഉള്ളത്. ഇതിൽ 215 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15 എണ്ണം പട്ടികജാതി വനിതകൾക്കും 17 എണ്ണം പട്ടികജാതി പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1338 വാർഡുകളാണ് മത്സര രംഗത്തുള്ളത്.
692 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇതിൽ 56 എണ്ണം പട്ടികജാതി വനിതകൾക്കാണ്. 136 വാർഡുകൾ പട്ടികജാതി പൊതു വിഭാഗത്തിൽ പെട്ടവർക്കും മത്സരിക്കാം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വാർഡിൽ പട്ടികവർഗ വനിതയാണ് മത്സരിക്കേണ്ടത്.
ജില്ലയിലെ ആകെ 7255 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കൊച്ചി കോർപറേഷനിൽ 400 സ്ഥാനാർഥികളും ജില്ലയിലെ മുൻസിപ്പാലിറ്റികളിൽ 1415 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിൽ 105 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 611 സ്ഥാനാർഥികളും ഗ്രാമ പഞ്ചായത്തുകളിലേക്ക് 4724 സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്.
പോളിങ് ബൂത്തുകൾ
3132 പോളിംഗ് ബൂത്തുകൾആണ് ജില്ലയിൽ ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 2366 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റികളിൽ 439 പോളിംഗ് ബൂത്തുകളും കോർപറേഷനിൽ 327 പോളിംഗ് ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1833 വാർഡുകളിലാണ് പോളിംഗ് ബൂത്തുകൾ സജ്ജമാക്കുന്നത്.
ഉദ്യോഗസ്ഥർ
ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 15,660 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 3132 ജീവനക്കാർ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെട്ടുണ്ട്. ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻ്റ് എന്നിവരാണ് ഒരു ബൂത്തിലുള്ളത്.
പ്രശ്ന ബാധിത ബൂത്തുകൾ
ജില്ലയിലെ 272 ബൂത്തുകൾ ആണ് പ്രശ്നസാധ്യത ബൂത്തുകളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇതിൽ 30 എണ്ണം കൊച്ചി സിറ്റി പോലീസ് പരിധിയിലും 246 എണ്ണം ആലുവ റൂറൽ പോലീസ് പരിധിയിലുമാണ്. കൂടുതൽ പോലീസുകാരെ ഇത്തരം ബൂത്തുകളിൽ വിന്യസിക്കും. സാധാരണ ബൂത്തുകളിൽ പോലീസ് സേനയിൽ നിന്നും ഒരാളെ ക്രമസമാധാന പാലനത്തിനായി നിയമിക്കുമ്പോൾ പ്രശ്നബാധിത ബൂത്തുകളിലും വിദൂര ബൂത്തുകളിലും രണ്ട് പോലീസുകാരെ വീതം നിയമിക്കും. പ്രശ്ന സാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗോ വീഡിയോ റെക്കോർഡിങ്ങോ നടത്തും. ജില്ലയുടെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്തുകളുടെ എണ്ണം ആലുവ റൂറൽ പോലീസ് പരിധിയിൽ പത്താണ്. അതാത് ബ്ലോക്ക് പഞ്ചായത്തിൻ്റെയോ കോർപറേഷൻ്റെയോ മുനിസിപ്പാലിറ്റിയുടെയോ കൺട്രോൾ റൂമിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ എത്തിപ്പെടാൻ പറ്റാത്ത പോളിംഗ് ബൂത്തുകളെയാണ് വിദൂര പോളിംഗ് ബൂത്തുകളായി പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പിനായി ഇത്തരം ബൂത്തുകളിലേക്ക് ഒരു വോട്ടിംഗ് യന്ത്രം അധികമായി നൽകും. ഉപയോഗിക്കുന്ന യന്ത്രത്തിന് തകരാർ സംഭവിച്ചാൽ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാനാണ് മുൻകരുതൽ. വേങ്ങൂർ പഞ്ചായത്തിലെ രണ്ടാം നമ്പർ ബൂത്തായ പൊങ്ങിൻ ചുവട് ഗിരിജൻ കോളനി കോ ഓപറേറ്റീവ് സൊസൈറ്റി ബിൽഡിംഗ് ,കടമക്കുടിയിലെ മൂന്ന് ബൂത്തുകളും കുട്ടമ്പുഴപഞ്ചായത്തിലെ തല്ലൂമ്മക്കണ്ടം ട്രൈബൽ കമ്യൂണിറ്റി ഹാളിലെ ബൂത്തും, തേര കോളനിയിലെ വി.എസ്.എസ്. ഓഫീസിലെ ബൂത്തും കല്ലേൽ മേട്ടിലെ വനിത വിപണന കേന്ദ്രത്തിലെ ബൂത്തും ജില്ലയിലെ വിദൂര ബൂത്തുകളാണ്.
1093 വാഹനങ്ങളാണ് ആർ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. 529 ബസുകൾ, 100 മിനി ബസുകൾ, 455 കാർ- ജീപ്പ് തുടങ്ങിയ വാഹനങ്ങൾ, 9 ട്രാവലറുകൾ എന്നിവയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഇടപ്പള്ളി ബ്ലോക്കിലെ കുറങ്കോട്ട, താന്തോന്നി തുരുത്ത് ദ്വീപുകളിൽ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി രണ്ട് ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ
കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നിൽക്കാൻ. ഇതിനുള്ള ക്രമകരണങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസര്‍ നല്‍കും. വോട്ടര്‍മാര്‍ ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ എന്നിവ ധരിക്കണം. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം.
വോട്ടിങ്
ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ആണ് ഉണ്ടാവുക. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങള്‍. ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി എട്ട് രേഖകളിൽ ഏതെങ്കിലും ഹാജരാക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും വോട്ടെണ്ണലിനുമായി ജില്ലയിലുള്ളത് 28 കേന്ദ്രങ്ങള്‍ ആണ്. വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതും വോട്ടണ്ണൽ നടക്കുന്നതും ഈ കേന്ദ്രങ്ങളിൽ വെച്ചായിരിക്കും.
സ്പെഷ്യൽ പോസ്റ്റൽ വോട്ടിങ്
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സമ്മതിദാന അവകാശം പ്രയോജനപ്പെടുത്താൻ സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. സ്പെഷ്യൽ പോളിങ് ഓഫീസറും പോളിങ് അസിസ്റ്റന്റും നേരിട്ട് വോട്ടറുടെ പക്കൽ എത്തിയാണ് വോട്ട് രേഖപ്പെടുത്താൻ ഉള്ള അവസരം ഒരുക്കുന്നത്. പി. പി. ഇ കിറ്റുകളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് പോസ്റ്റൽ വോട്ടിങ് നിർവഹിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർട്ടിഫൈഡ് ലിസ്റ്റും തയ്യാറാക്കിയിരുന്നു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണി വരെ ഇത്തരത്തിൽ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് സ്പെഷ്യൽ പോസ്റ്റൽ വോട്ടിങ് അനുവദിക്കും. പിന്നീട് കോവിഡ് പോസിറ്റീവ് ആകുന്നവർക്കും നിരീക്ഷണത്തിൽ ആകുന്നവർക്കും പി. പി. ഇ കിറ്റുകൾ ധരിച്ചു കൊണ്ട് പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. വൈകിട്ട് അഞ്ചു മണി മുതൽ ഒരു മണിക്കൂർ ആണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ആറു മണിക്ക് ക്യുവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.
- Log in to post comments