Skip to main content

വോട്ടെടുപ്പ് ദിനത്തില്‍ പ്രത്യേക മുന്‍കരുതലുകള്‍ വേണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനത്തില്‍ കോവിഡ് വ്യാപനത്തിനെതിരെ പ്രത്യേക മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്നു സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. സംയോജിത ശിശു വികസന പദ്ധതിയുടെ സഹകരണത്തോടെയാണ് മേലാറ്റൂരില്‍ കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചത്.

വോട്ടിങിനായുള്ള യാത്രയ്ക്കിടെ സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും ഇത് ഒഴിവാക്കണമെന്നും വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചു. വോട്ടിങിനു മുന്‍പും ശേഷവും നിര്‍ബന്ധമായും സാനിറ്റൈസ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് ക്ലാസ് നയിച്ച മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. എ.എം. മര്‍സൂക്ക്  പറഞ്ഞു.  സാനിറ്റൈസ് ചെയ്തതു കൊണ്ട് എല്ലാമായി എന്ന ധാരണയുമായി വോട്ടെടുപ്പു കേന്ദ്രത്തിലും പരിസരത്തുമുള്ളവരുമായി സംസാരിച്ചു നില്‍ക്കരുതെന്നും  വോട്ടു രേഖപ്പെടുത്തി നേരിട്ട് വീട്ടിലെത്തി കുളിച്ച ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ക്കായി പോകാവൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം സ്മിതി, മലപ്പുറം ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ഫസല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാമന്‍കുട്ടി, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സി. സായ്‌നാഥ് എന്നിവര്‍ വെബിനാറില്‍ സംസാരിച്ചു. പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോയിലെ ജിമി ജോണ്‍സണ്‍ മോഡറേറ്ററായി.

date