എറണാകുളം അറിയിപ്പുകൾ
വനിതാ കമ്മിഷന്‍ അദാലത്ത്
14-ന് എറണാകുളത്ത്
കേരള വനിതാ കമ്മിഷന്റെ അദാലത്ത് 14-ന് രാവിലെ 10.30 മുതല്‍ എറണാകുളം വൈഎംസിഎ ഹാളില്‍ (ഷേണായീസ് തീയറ്ററിന് എതിര്‍വശം) നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ; വോട്ടെണ്ണൽ 16ന്
എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പൂർത്തിയാക്കി, വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. പോലീസ് കാവലിൽ അഞ്ചു ദിവസം യന്ത്രങ്ങൾ സൂക്ഷിക്കും. സ്ട്രോങ്ങ് റൂമുകൾ തന്നെയാണ് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
ഡിസംബർ 16ന് രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ജില്ലയിലാകെ 28 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണൽ പുരോഗതി കമീഷൻ്റെ ട്രെൻഡ് സോഫ്റ്റ് വെയറിൽ തത്സമയം അപ് ലോഡ് ചെയ്യും.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതാത് തദ്ദേശ സ്ഥാപനങ്ങളാണ് ഒരുക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും.. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാണ് കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കുന്നത്. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കും..
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്ങ് റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ വാങ്ങുന്നത്.
വോട്ടെണ്ണൽ ആരംഭിക്കുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിൽ എണ്ണും. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റൻറുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംങ്ങ് അസിസ്റ്റൻ്റും ഉണ്ടാകും.
വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളുടെ കാര്യത്തിൽ സൂക്ഷിക്കേണ്ട രേഖകളും കൺട്രോൾ യൂണിറ്റിലെ ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യൂളും ബന്ധപ്പെട്ട ട്രഷറികളിൽ സൂക്ഷിക്കും. എന്നാൽ നഗരസഭകളുടെ കാര്യത്തിൽ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൂടി ട്രഷറികളിൽ സൂക്ഷിക്കും. സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിനോടൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സൂക്ഷിക്കും.
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍
കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന ഗവ: പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 50 ശതമാനം മാര്‍ക്കോടുകൂടിയുളള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യാ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. കോവിഡ് വ്യപന കാലമായതിനാല്‍ ഡിസംബര്‍ 25 വരെ തീയതി നീട്ടി. പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട വിലാസത്തില്‍ അയക്കണം. ഫോണ്‍ 8547126028.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍.ഡി.സി ലാബില്‍ ലാബ് ടെക്‌നീഷ്യന്മാരെ കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. ഡിഎംഎല്‍റ്റി/ബി.എസ്.സി എംഎല്‍റ്റി (അംഗീകൃത യൂണിവേഴ്‌സിറ്റി) യോഗ്യതയുളളവര്‍ ഡിസംബര്‍ 14-ന് രാവിലെ 11-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം: കേരള നിയമസഭയിലേക്കുള്ള 2021 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലകളിൽ നിന്നും എത്തിക്കുന്നതിനായി ദീർഘദൂര വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനങ്ങൾ 14 ടൺ കപാസിറ്റി ഉള്ളതായിരിക്കണം. ക്വട്ടേഷൻ തുക, ജി.എസ്.ടി , മറ്റ് സർക്കാർ നിശ്ചയിച്ചിട്ടുള്ള നികുതികൾ എന്നിവ ഉൾപ്പടെയാണ് സമർപ്പിക്കേണ്ടത്. ക്വട്ടേഷൻ സ്വീകരിക്കുന്നയാൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായി കരാറിലേർപ്പെടണം. ആദ്യ വ്യക്തി പിന്മാറിയാൽ തൊട്ടടുത്ത രണ്ട് ക്വട്ടേഷനുകൾ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് കളക്ടേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടണം
- Log in to post comments