Skip to main content

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് - സ്ഥാനാർത്ഥികളുടെ വരവ്-ചെലവ് കണക്ക് ഹാജരാക്കണം

ആലപ്പുഴ: സുതാര്യമായ തെരെഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനും തെരഞ്ഞെടുപ്പിൽ പണത്തിന്റെ അമിതമായ സ്വാധീനം ഒഴിവാക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പൽ വാർഡുകളിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് യഥാക്രമം 25,000/-, 75,000/-, 1,50,000/-, 75,000/- രൂപയാണ് സ്ഥാനാർത്ഥി നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതി മുതൽ ഫല പ്രഖ്യാപന തീയതിവരെ (രണ്ട് തീയതിയും ഉൾപ്പെടെ) ചെലവാക്കാവുന്ന പരമാവധി ചെലവ് പരിധി.

ചെലവിന്റെ സ്വഭാവം, ചെലവ് ചെയ്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽ വിലാസവും, വൗച്ചർ നമ്പർ തുടങ്ങിയ വിശദ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ഫോറം എൻ.30 ൽ രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ സൂക്ഷിക്കേണ്ടതും തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കേണ്ടതുമാണ്.

തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപന തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്കിലെ സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കം, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത് എന്നിവയിലെ സ്ഥാനാർത്ഥികൾ ജില്ലാ കളക്ടർക്കും കണക്കുകൾ നിശ്ചിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്. കണക്കിനൊപ്പം രസിത്, വൗച്ചർ, ബിൽ തുടങ്ങിയവയുടെ പകർപ്പുകൾ സമർപ്പിക്കേണ്ടതും ഒറിജിനൽ സ്ഥാനാർത്ഥി തന്നെ സൂക്ഷിക്കേണ്ടതുമാണ്.

പരിധിയിൽ കവിഞ്ഞ് തുക ചെലവഴിക്കുന്ന സ്ഥാനാർത്ഥികളേയും നിശ്ചിത സമയപരിധിക്കുള്ളിൽ കണക്ക് സമർപ്പിക്കാതിരിക്കുന്ന സ്ഥാനാർത്ഥികളേയും കമ്മീഷൻ അയോഗ്യരായി പ്രഖ്യാപിക്കുന്നതാണ്.

സ്ഥാനാർത്ഥികളുടെ കണക്കുകൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും കമ്മീഷൻ താഴെപ്പറയുന്ന ചെലവ് നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ചേര്‍ത്തല മുനിസിപ്പാലിറ്റി മേഖലയിലെ ‍ ചെലവ് നിരീക്ഷകന്‍ ഷൈന്‍ എ. ഹക്ക് (9447903912), ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ആലപ്പുഴ മുനിസിപ്പാലിറ്റി മേഖലയിലെ ചെലവ് നിരീക്ഷകന്‍ റ്റി.രമേഷ് (9447460876), ചെങ്ങന്നൂര്‍, ഹരിപ്പാട്, കായംകുളം മുനിസിപ്പാലിറ്റി, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ഹരിപ്പാട് മുനിസിപ്പാലിറ്റി മേഖലയിലെ ‍ ചെലവ് നിരീക്ഷകന്‍ പി.കെ.ഗോപകുമാര്‍( 9447257925), മാവേലിക്കര, മുതുകുളം, ഭരണിക്കാവ്, മാവേലിക്കര മുനിസിപ്പാലിറ്റി മേഖലയിലെ ‍ ചെലവ് നിരീക്ഷകന്‍ മധുസൂദനന്‍ നായര്‍ ( 9446460394) എന്നിവരാണ് .

date