Skip to main content

മഞ്ഞപ്പിത്തം: കിടങ്ങൂരില്‍ രോഗപ്രതിരോധം ശക്തമാക്കി

മഞ്ഞപ്പിത്തം: കിടങ്ങൂരില്‍ രോഗപ്രതിരോധം ശക്തമാക്കി

കിടങ്ങൂരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണവും പരിശോധനാ നടപടികളും ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത 10-ാം വാര്‍ഡിലെ എല്ലാ കിണറുകളും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാനും ഭവന സന്ദര്‍ശനം നടത്തി പനിബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും അങ്കണവാടി, ക്ലബുകള്‍, അസോസിയേഷനുകള്‍, സാമൂഹ്യാധിഷ്ഠിത സംഘടനകള്‍ എന്നിവയിലൂടെ രോഗപ്രതിരോധ നടപടികള്‍ സംബന്ധിച്ച ബോധവത്കരണം നടത്താനും നടപടിയെടുത്തതായി ഡിഎംഒ അറിയിച്ചു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡില്‍ 28 വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. മഞ്ഞപ്പിത്തം ബാധിച്ച ഹോസ്റ്റിലേക്ക് വെള്ളം നല്‍കിയിരുന്ന കിണറിലെ വെള്ളത്തിന്റെ  സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

ജില്ലയിലെ ഹോസ്റ്റലുകള്‍, ഭക്ഷണശാലകള്‍, വഴിയോര ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍, ഐസ് പ്ലാന്റുകള്‍, ഹോട്ടലുകള്‍, ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങള്‍, ടാങ്കര്‍ ലോറികള്‍ എന്നിവയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ  നേതൃത്വത്തില്‍ നാളെ (ഏപ്രില്‍ 21) ജില്ലയിലുടെ നീളം പരിശോധന നടത്തും. കിടങ്ങൂരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ സ്ഥാപനങ്ങളുടെ ശുചീകരണ നിലവാരം പരിശോധിച്ച് നടപടിയെടുക്കുമെന്നും ഡിഎംഒ അറിയിച്ചു. 

                                                 (കെ.ഐ.ഒ.പി.ആര്‍-720/18)

date