ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി
കൊച്ചി: ് അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം പോലെയുള്ള പ്രതിസന്ധി ഘട്ടത്തില്‍ മികച്ച കൈത്താങ്ങാണ് സര്‍ക്കാരിന്റെ ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് ് പദ്ധതി.
കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉല്പാദനത്തിലുണ്ടാകുന്ന കുറവ് മൂലം ക്ഷീരകര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള ക്ഷീരകര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഏഴ് ലിറ്ററോ അതില്‍ കൂടുതലോ പാല് തരുന്ന 2 മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള പശുക്കള്‍ക്കും എരുമകള്‍ക്കും 7 മാസത്തിന് മുകളില്‍ ഗര്‍ഭമുള്ള കിടാരികള്‍ക്കുമായാണ് ഈ ഇന്‍ഷ്വറസ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 1 വര്‍ഷം, 3 വര്‍ഷം എന്നിങ്ങനെ തികച്ചും കര്‍ഷകന് തീരുമാനിക്കാവുന്ന 2 പരിരക്ഷാ കാലയളവുകളടങ്ങിയ ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുകയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന സര്‍ക്കാര്‍ 50% സബ്‌സിഡി കൂടി നല്കുന്നു.
ഉരുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാല്‍ ഉരുവിന്റെ ഉടമയായ കര്‍ഷകനും ഒരു വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ 5 ലക്ഷം രൂപയുടെ അപകടമരണ പരിരക്ഷ കൂടി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
201718 വര്‍ഷം മുതല്‍ മൃഗസംരക്ഷണ വകുപ്പ് വളരെ വിജയകരമായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ പ്രീമിയം (1.95%) നിരക്കില്‍ സാധാരണക്കാരായ കര്‍ഷകരുടെB കന്നുകാലികള്‍ക്ക് അപകട പരിരക്ഷ നല്കാന്‍ ഈ പദ്ധതി പ്രകാരം സാധിക്കുന്നു.
- Log in to post comments