Skip to main content

വികേന്ദ്രീകൃത സര്‍വ്വേ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

ത്രിതല പഞ്ചായത്തുകള്‍ വഴി കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ  വികസന പദ്ധതികള്‍ വിലയിരുത്തുന്ന വികേന്ദ്രീകൃത സമഗ്ര സര്‍വ്വെയുടെ (ഡിസെന്‍ട്രലൈസ്ഡ്  റൗണ്ട് സര്‍വ്വേ) നടപടിക്രമങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ അസൂത്രണ  സമിതി  യോഗത്തില്‍ അറിയിച്ചു. എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്  വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വേയുമായി  ബന്ധപ്പെട്ട് ഇന്നലെ (ഡിസംബര്‍ 23) മുതല്‍ കിലയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, ഭവന നിര്‍മാണം തുടങ്ങി  13 പ്രത്യേക  വിഷയ മേഖലകളില്‍ നടപ്പിലാക്കിയ വികസന പദ്ധതികളാണ് സര്‍വേയിലൂടെ വിലയിരുത്തുന്നത്. സര്‍വേയുടെ ഭാഗമായി എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തയ്യാറാക്കിയിരിക്കുന്ന ചോദ്യാവലി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം തയ്യാറാക്കുന്ന വിവരങ്ങള്‍ ബ്ലോക്കുതലത്തില്‍ ക്രോഡീകരിച്ച്  ജില്ലയിലെ വകുപ്പുതല അധികാരിക്ക് കൈമാറും.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാ ജോര്‍ജ്ജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ സിജു ബെന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍,  ആര്‍ജെഡി, ഡിഎംഒ, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3427/2020)

 

date