മൂന്നാംമുറയും അഴിമതിയും പോലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കില്ല -മുഖ്യമന്ത്രി പിണറായി വിജയന്‍
* എസ്.എ.പി കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു
മൂന്നാംമുറയും അഴിമതിയും പോലീസ് സേനയില്‍ പൂര്‍ണമായി ഇല്ലാതാകണമെന്നും, വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബലപ്രയോഗവും ഭീഷണിയുമാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം എന്ന ധാരണയ്ക്ക് ഇന്നത്തെക്കാലത്ത് മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്.എ.പി കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളോട് മാന്യമായി പെരുമാറാനും മൂന്നാംമുറ പൂര്‍ണമായി അവസാനിപ്പിക്കാനും കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അഴിമതിക്ക് വശംവദരാകുന്നത് വേലി തന്നെ വിളവ് തിന്നുന്ന നിലയാണ്. ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും ആവലാതിക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത പോലീസാണ് നാടിനാവശ്യം. അപൂര്‍വം ചിലര്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല.
ക്യാമ്പില്‍ ലഭിച്ച പാഠങ്ങള്‍ക്കപ്പുറം പ്രായോഗിക ബുദ്ധിയും ശരിയായ കാഴ്ചപ്പാടും നയസമീപനവും കൂടിയുണ്ടെങ്കിലേ സന്നിഗ്ധ ഘട്ടങ്ങളില്‍ വിവേകപൂര്‍വമായ തീരുമാനങ്ങളിലൂടെ വിജയിക്കാനാകൂ. നല്ല പോലീസ് ഉദ്യോഗസ്ഥനാകാന്‍ കഴിവിനപ്പുറം ജോലിചെയ്യുന്ന പ്രദേശത്തെ ജനങ്ങളെ ആഴത്തിലറിയാനുള്ള മനസ് കൂടി വേണം. പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്ക് ജനപിന്തുണ ഉണ്ടാകേണ്ടത് പ്രധാനമാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലും നിയമപാലനവുമെന്ന പ്രാഥമിക ദൗത്യത്തിനപ്പുറം ചുമതലാനിര്‍വഹണം ആധുനികകാലത്ത് സങ്കീര്‍ണമാണ്. കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും പുതുസാങ്കേതികവിദ്യകളാല്‍ ആധുനികകാലത്ത് മാറ്റം വന്നിട്ടുണ്ട്. നാട് നേരിടുന്ന ഭീഷണികളും കൂടുതല്‍ തീവ്രമായി. ജനങ്ങളുടെ ഒരുമയാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും വര്‍ഗീയമായും മറ്റു പലതരത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഇതോടൊപ്പം സമൂഹവിരുദ്ധ ശക്തികളായ ഭൂ, ലഹരി, ബ്‌ളേഡ് മാഫിയകളും, ഗുണ്ടാ, പെണ്‍വാണിഭ സംഘങ്ങളുമൊക്കെയുണ്ട്. നാട്ടില്‍ വാഹനപ്പെരുപ്പത്തിനൊപ്പം ട്രാഫിക് അപകടങ്ങളും വര്‍ധിക്കുന്നു. ഇത്തരം വ്യത്യസ്തപ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ പുതിയ സാങ്കേതികവിദ്യകളും ശാസ്ത്രീയരീതികളും പോലീസിന് സഹായമാകുന്നുണ്ട്.
നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും ചെറിയപ്രായത്തിലുള്ളവരും പുതുതായി കടന്നുവരുന്നത് സേനയ്ക്ക് പുതിയമുഖം നല്‍കുന്നുണ്ട്. പോലീസില്‍ വലിയതോതില്‍ ആധുനികവത്കരണം നടക്കുന്ന കാലമാണിത്. അതിന്റെ ഭാഗമായി സമ്മര്‍ദ്ദ അതിജീവനം, കമ്പ്യൂട്ടര്‍, ടെലി കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സേവനരംഗത്ത് ഊര്‍ജസ്വലതയോടെയും പക്വതയോടെയും പ്രവര്‍ത്തിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കൂടുതല്‍ കരുത്ത് പകരും.
മികച്ച സേനയായി മാറാന്‍ കൂടുതല്‍ ആള്‍ശേഷിയും മെച്ചപ്പെട്ട സൗകര്യങ്ങളും ആവശ്യമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2006 മുതല്‍ തീര്‍പ്പാകാതെ കിടന്നിരുന്ന എസ്.ഐമാരുടെ സീനിയോരിറ്റി ലിസ്റ്റ് അംഗീകരിച്ച് ഒഴിവുകള്‍ നികത്താനുള്ള നടപടി സ്വീകരിച്ചത് ഇതിന്റെ ഭാഗമാണ്. പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും, ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്.
അതോടൊപ്പം നവീന സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ചെയ്യുകയാണ്. ഇതെല്ലാം ഉപയോഗപ്പെടുത്തി ജനങ്ങളുടെ പിന്തുണയോടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനാണ് ജനാധിപത്യവ്യവസ്ഥയില്‍ പോലീസ് ശ്രദ്ധിക്കേണ്ടത്. പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവുമുള്ള ഉത്തമ പോലീസ് ഉദ്യോഗസ്ഥരായി മാറാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ സ്‌പെഷ്യല്‍ ആംഡ് പോലീസിലെ പുതിയ കോണ്‍സ്റ്റബിള്‍മാരുടെ പരേഡ് വീക്ഷിച്ച് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരിശീലന കാലയളവില്‍ വിവിധമേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, എ.ഡി.ജി.പി ബറ്റാലിയന്‍ സുധേഷ് കുമാര്‍, എ.ഡി.ജി.ജി ഡോ.ബി. സന്ധ്യ, ഡി.ഐ.ജി ബറ്റാലിയന്‍ കെ. ഷെഫീന്‍ അഹമ്മദ്, എസ്.എ.പി കമാന്‍ഡന്റ് വി.വി. ഹരിലാല്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒമ്പതുമാസത്തെ തീവ്രപരിശീലനം പൂര്‍ത്തിയാക്കിയ 245 പേരാണ് സേനയുടെ ഭാഗമാകുന്നത്.
പി.എന്‍.എക്‌സ്.4814/17
- Log in to post comments