പുനരുജ്ജീവന പദ്ധതി
പ്രവര്‍ത്തന രഹിതമായ കശുവണ്ടി സംസ്‌കരണ യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള ചെറുകിട വ്യവസായ(എം എസ് എം ഇ) സംരംഭങ്ങള്‍ക്ക് മൂലധന ഗ്രാന്റുകള്‍ ലഭ്യമാക്കി പ്രവര്‍ത്തന സജ്ജമാക്കുവാന്‍ വ്യവസായ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ആറുമാസമോ അതില്‍ കൂടുതലോ പ്രവര്‍ത്തിക്കാത്തതും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നതുമായ എം എസ് എം ഇ യൂണിറ്റുകള്‍, കശുവണ്ടി പ്രോസസിംഗ് യൂണിറ്റുകള്‍ എന്നിവയ്ക്ക് ഗ്രാന്റ് ലഭ്യമാക്കി പുനരുദ്ധരിക്കുന്നതാണ് പദ്ധതി. വ്യവസായ കെട്ടിടത്തിന്റെ നവീകരണം, മെഷീനറികളുടെ നവീകരണം, പ്രവര്‍ത്തനാവശ്യത്തിനുള്ള അനുബന്ധ മെഷീനറികള്‍ ലഭ്യമാക്കല്‍, പ്രവര്‍ത്തന മൂലധന വായ്പയിലെ സംരംഭകന്റെ മാര്‍ജിന്‍ എന്നിവയ്ക്ക് ആനുപാതികമായി കശുവണ്ടി വ്യവസായ യൂണിറ്റുകള്‍ക്ക് പരമാവധി 15 ലക്ഷം രൂപവരെയും മറ്റ് വ്യവസായങ്ങള്‍ക്ക് 12 ലക്ഷം രൂപവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പദ്ധതി പ്രകാരം ഗ്രാന്റ് അനുവദിക്കും.
പ്ലാസ്റ്റിക് നിരോധനം മൂലം പ്രവര്‍ത്തനരഹിതമായ യൂണിറ്റുകള്‍ക്ക് ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് ആറുമാസം പ്രവര്‍ത്തന രഹിതമാകണെമെന്ന സമയപരിധി ബാധകമല്ല. ആനുകൂല്യം നേടുന്ന യൂണിറ്റുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടതും ആനുകൂല്യം ലഭിക്കുന്നത് മുതല്‍ മൂന്ന് വര്‍ഷമെങ്കിലും തുടര്‍ പ്രവര്‍ത്തനം നടത്തേണ്ടതുമാണ്. അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേന സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ താലൂക്ക്/ബ്ലോക്ക് വ്യവസായ ഓഫീസുകളിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2748395.
(പി.ആര്‍.കെ നമ്പര്‍ 3452/2020)
- Log in to post comments