പുതിയതരം കോവിഡ് വൈറസിനെതിരെ ജാഗ്രത ശക്തമാക്കി
യു കെ യില്‍ പുതിയതരം കോവിഡ് വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. സാധാരണയുള്ള വ്യാപനത്തേക്കാളും പത്തിരട്ടി കൂടതലാണ് പുതുതായി കണ്ടെത്തിയ വൈറസിന്റെ വ്യാപന ശേഷി. യുവജനങ്ങളിലാണ് വൈറസിന്റെ വ്യാപന സാധ്യത കൂടുതല്‍ കണ്ടുവരുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ യു കെ യില്‍ നിന്നും വന്നിട്ടുള്ളവരെ കണ്ടെത്തി ജില്ലാതലത്തിലും സി എച്ച് സി/പി എച്ച് സി തലത്തിലും നിരീക്ഷിച്ച് ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയരാക്കും. ടെസ്റ്റ് നെഗറ്റീവായാലും ഇവരെ 28 ദിവസംവരെ നിരീക്ഷണ വിധേയമാക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങളായ പനി, ചുമ, വയറിളക്കം, ഛര്‍ദ്ദി എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയില്‍ എത്തിച്ച് ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയമാക്കി വീട്ടില്‍തന്നെ ക്വാറന്റയിന്‍ ചെയ്യും. രോഗലക്ഷണങ്ങള്‍ കൂടുതലുള്ളവരെ കോവിഡ് ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌പെഷ്യല്‍ വാര്‍ഡുകളിലേക്ക് മാറ്റും. ഇവരുടെ പരിശോധനാഫലം പോസിറ്റീവായാല്‍ ജീനോടൈപ്പിങിനായി സ്രവം പൂന എന്‍ ഐ വി ലേക്ക് അയക്കും. 14 ദിവസങ്ങള്‍ക്ക് ശേഷം ആര്‍ ടി പി സി ആര്‍ ചെയ്ത് 24 മണിക്കൂറിനകം ഡബിള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ്ജ് ചെയ്യൂ. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും സാധാരണ കോവിഡ് ആണെങ്കില്‍ നിലവിലുള്ള ചികിത്സയും പുതിയ വൈറസാണെങ്കില്‍ സ്‌പെഷ്യല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.
പുതിയ വൈറസിന്റെ വ്യാപനം ഉണ്ടായാല്‍ തടയുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനദണ്ഡം നിര്‍ബന്ധമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3464/2020)
- Log in to post comments