Skip to main content

സാം കെ ഡാനിയല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പന്ത്രണ്ടാമത് പ്രസിഡന്റായി ചടയമംഗലം ഡിവിഷനില്‍ നിന്നുള്ള സാം കെ ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 26 വോട്ടില്‍ 22 ഉം നേടിയാണ് സാം കെ ഡാനിയല്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വനം വകുപ്പ് മന്ത്രിയും ജില്ലാ പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി അംഗവുമായിരുന്ന കെ രാജു സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന അനുമോദന യോഗത്തില്‍  പങ്കെടുത്തു.
ഓച്ചിറ ഡിവിഷനില്‍ നിന്നുള്ള ഗേളി ഷണ്മുഖന്‍ സാം കെ ഡാനിയലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും കൊറ്റങ്കര ഡിവിഷനിലെ എന്‍ എസ് പ്രസന്നകുമാര്‍ പിന്താങ്ങുകയും ചെയ്തു.
നെടുവത്തൂര്‍ ഡിവിഷനില്‍ നിന്നുള്ള സുമ ലാലാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സുമാ ലാലിന് പ്രസിഡന്റ് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വെട്ടിക്കവല ഡിവിഷനില്‍ നിന്നുള്ള ബ്രിജേഷ് എബ്രഹാമിന് മൂന്ന് വോട്ടുകള്‍ കിട്ടി. ഒരു വോട്ട് അസാധുവായി.
ചെറുവക്കല്‍ സ്വദേശിയും അഭിഭാഷകനുമായ സാം കെ ഡാനിയല്‍ ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 3468/2020)

date